ദുബായിൽ 33 വർഷം വിദ്യ പകർന്ന മലയാളി അധ്യാപിക വിടവാങ്ങി; മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് അപൂർവ്വ ആദരവുമായി വിദ്യാലയം!

മൂന്ന് പതിറ്റാണ്ടിലേറെ ദുബായിലെ വിദ്യാഭ്യാസ മേഖലയിൽ സേവനമനുഷ്ഠിച്ച മലയാളി അധ്യാപിക അഞ്ജന സനൽകുമാർ (57) അന്തരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ അഞ്ജന, ദുബായിലെ ജെംസ് ദി വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ 33 വർഷമായി അധ്യാപികയായും പരീക്ഷാ വിഭാഗം ഓഫീസറായും പ്രവർത്തിച്ചുവരികയായിരുന്നു. അഞ്ജനയുടെ വിയോഗത്തിൽ സഹപ്രവർത്തകരും മുൻ വിദ്യാർഥികളും പ്രവാസി സമൂഹവും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ദുബായിലെ വിദ്യാഭ്യാസ രംഗത്ത് ദീർഘകാലം സജീവമായിരുന്ന അവർ, നിരവധി തലമുറകളിലെ വിദ്യാർഥികൾക്ക് അറിവും മാർഗനിർദേശവും പകർന്നുനൽകിയ അധ്യാപികയായിരുന്നു.

അഞ്ജനയുടെ സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പ് വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ ‘അഞ്ജന സനൽകുമാർ മെമ്മോറിയൽ സ്കോളർഷിപ്പ്’ ആരംഭിക്കാൻ തീരുമാനിച്ചു. അധ്യാപികയുടെ ഓർമകളും വിദ്യാഭ്യാസത്തോടുള്ള സമർപ്പണവും വരുംതലമുറകളിലേക്ക് കൈമാറാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. റിട്ട. ഹെഡ്മാസ്റ്റർ രാമചന്ദ്രപിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് ആനന്ദവല്ലിയമ്മയുടെയും മകളാണ് അഞ്ജന. ഭർത്താവ് സനൽകുമാർ. മകൾ ഐശ്വര്യ അരവിന്ദും മരുമകൻ അരവിന്ദും ദുബായിലാണ് ജോലി ചെയ്യുന്നത്. സഹോദരിമാർ ദേവി എ. രാമചന്ദ്രനും മഞ്ജു എ. രാമചന്ദ്രനുമാണ്.

ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. കൊട്ടാരക്കരയിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മൂന്ന് പതിറ്റാണ്ടിലേറെ വിദ്യ പകർന്നുനൽകിയ അധ്യാപികയുടെ ഓർമയ്ക്കായി ആരംഭിക്കുന്ന സ്കോളർഷിപ്പ്, അവരുടെ സേവനത്തിനും വിദ്യാഭ്യാസത്തോടുള്ള ആത്മാർഥതയ്ക്കുമുള്ള ആദരവായി നിലനിൽക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version