‘കള്ളക്കേസ്’ എന്ന് വാദം, ഒടുവിൽ കോടതി വിധി മലയാളികൾക്ക് അനുകൂലം! സാമ്പത്തിക തിരിമറി ആരോപണത്തിൽ കുടുങ്ങിയ നാല് പ്രവാസികൾക്കും കുറ്റവിമുക്തി; മുൻ തൊഴിലുടമയ്ക്കെതിരെ നടപടി

മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ നാല് മുൻ ജീവനക്കാർക്കെതിരെ നൽകിയ സാമ്പത്തിക തിരിമറി കേസ് തള്ളി ദുബായ് അപ്പീൽ കോടതി. ദുബായ് ഇന്റർനാഷണൽ സിറ്റിയിൽ പ്രവർത്തിക്കുന്ന ഡെന്റൽ ഉൽപന്ന നിർമാണ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മലയാളികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. ഡെന്റൽ ക്ലിനിക്കുകൾക്കായി കൃത്രിമ പല്ലുകൾ നിർമിച്ചുനൽകുന്ന സ്ഥാപനത്തിൽ സെയിൽസ്മാൻ, സെയിൽസ് സൂപ്പർവൈസർ, സെയിൽസ് മാനേജർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിരുന്നവരാണ് കേസിലെ പ്രതികൾ. രണ്ട് വർഷം മുമ്പ് സ്ഥാപനത്തിൽനിന്ന് നിയമപരമായി രാജിവെച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റി വിസ റദ്ദാക്കി മടങ്ങിയവരായിരുന്നു ഇവർ. പിന്നീട് ഇതേ മേഖലയിലായി സ്വന്തം സംരംഭം ആരംഭിച്ചതിന് പിന്നാലെയാണ് മുൻ തൊഴിലുടമയുമായി തർക്കമുണ്ടായതെന്നാണ് റിപ്പോർട്ട്.

2023 മുതൽ 2025 വരെയുള്ള കാലയളവിൽ ഉപഭോക്താക്കളിൽനിന്ന് സ്വീകരിച്ച പണം കമ്പനിയിൽ അടയ്ക്കാതെ വിശ്വാസവഞ്ചന നടത്തിയെന്നായിരുന്നു റാഷിദിയ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി. സ്വകാര്യ അക്കൗണ്ടിങ് വിദഗ്ധൻ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ടുപോയത്. കേസുമായി ബന്ധപ്പെട്ട് മുൻ ജീവനക്കാരിൽ ഒരാൾക്ക് നാല് ദിവസം ജയിലിൽ കഴിയേണ്ടിവന്നതായും റിപ്പോർട്ടിലുണ്ട്. പ്രതികൾക്കുവേണ്ടി ‘ആയിഷ അൽദഹേരി അഡ്വക്കറ്റ്സി’യിലെ സീനിയർ ലീഗൽ കൺസൾട്ടന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയാണ് കോടതിയിൽ ഹാജരായത്. കേസിന് ആധാരമായത് സ്ഥാപനത്തിന്റെ നിർദേശപ്രകാരം തയ്യാറാക്കിയ സ്വകാര്യ ഓഡിറ്റ് റിപ്പോർട്ട് മാത്രമാണെന്നും ആരോപണം തെളിയിക്കുന്ന മറ്റ് രേഖകളോ വിശ്വസനീയമായ തെളിവുകളോ ഇല്ലെന്നും പ്രതിഭാഗം വാദിച്ചു.

ആരോപണവിധേയരായ ജീവനക്കാരുടെ വിശദീകരണം തേടാതെയും അവരുടെ ഭാഗം കേൾക്കാതെയുമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും പ്രതിഭാഗം സമർപ്പിച്ച ഡിഫൻസ് മെമ്മോറാണ്ടത്തിൽ ചൂണ്ടിക്കാട്ടി.
നേരത്തേ പ്രാഥമിക കോടതി നാല് പേരെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ നൽകിയ അപ്പീലും തള്ളിയതോടെയാണ് അപ്പീൽ കോടതി മുൻ ജീവനക്കാരുടെ കുറ്റവിമുക്തി ശരിവെച്ചത്. കേസിനെ തുടർന്ന് നേരിട്ട അപമാനം, മാനസിക വിഷമം, സാമ്പത്തിക നഷ്ടം എന്നിവയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ തൊഴിലുടമയ്ക്കും കമ്പനിക്കുമെതിരെ സിവിൽ കോടതിയെ സമീപിക്കുമെന്ന് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version