
പട്നയിൽ നിന്ന് ലക്നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൽ ആകാശയാത്രയ്ക്കിടെ ഭീതിജനകമായ സംഭവം. 17,000 അടി ഉയരത്തിൽ വെച്ച് വിമാനത്തിന് ശക്തമായ മിന്നലേൽക്കുകയായിരുന്നു. മിന്നലിന്റെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വിമാനം ലക്നൗ വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തി.
പട്നയിൽ നിന്ന് ഉച്ചയ്ക്ക് 3.10ന് പുറപ്പെട്ട ഇൻഡിഗോയുടെ 6E925 വിമാനത്തിനാണ് സംഭവമുണ്ടായത്. ലക്നൗ വിമാനത്താവളത്തിന് സമീപം വൈകിട്ട് 4.05ഓടെയാണ് വിമാനം മിന്നലേറ്റത്. തുടർന്ന് നിശ്ചയിച്ച സമയത്തേക്കാൾ എട്ട് മിനിറ്റ് മുമ്പ് വിമാനം ലക്നൗവിൽ സുരക്ഷിതമായി ഇറക്കി.
104 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 110 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര ലാൻഡിംഗിന് പിന്നാലെ മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു.
ലക്നൗവിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള അടുത്ത സർവീസിനും ഇതേ വിമാനമാണ് ഉപയോഗിക്കേണ്ടിയിരുന്നത്. എന്നാൽ സംഭവത്തെ തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഇൻഡിഗോ ഉടൻ മറ്റൊരു വിമാനം സജ്ജമാക്കി സർവീസ് നടത്തുകയായിരുന്നു.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി റെഗുലേറ്ററി അനുമതി ലഭിച്ചതിന് ശേഷമേ കേടുപാടുകൾ സംഭവിച്ച വിമാനം വീണ്ടും സർവീസിന് ഉപയോഗിക്കുകയുള്ളൂ.
ഇൻഡിഗോ വിമാനത്തിന് മിന്നലേൽക്കുന്ന സംഭവം ഇതാദ്യമല്ല. കഴിഞ്ഞ ജൂൺ 19ന് കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന അഗർത്തലയിലേക്കുള്ള ഇൻഡിഗോ വിമാനത്തിനും മിന്നലേറ്റിരുന്നു. അന്ന് വിമാനത്തിന്റെ പവർ സിസ്റ്റത്തിലാണ് തകരാർ സംഭവിച്ചത്.