പ്രവാസികളുടെ യാത്രയ്ക്ക് വീണ്ടും ‘ഇരുട്ടടി’; ഇന്ധന സർചാർജ് കൂട്ടി, ഗൾഫ് ടിക്കറ്റുകൾക്കും വില ഉയരും!

വിമാനയാത്രാ ചെലവ് ഇതിനകം ഉയർന്നുനിൽക്കുന്നതിനിടെ പ്രവാസികൾക്ക് വീണ്ടും തിരിച്ചടി. ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ഇൻഡിഗോ ആഭ്യന്തര, രാജ്യാന്തര സർവീസുകളിലെ ഇന്ധന സർചാർജ് വർധിപ്പിച്ചതോടെ ടിക്കറ്റ് നിരക്കിലും വർധനയുണ്ടാകും. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 6 മുതൽ പ്രാബല്യത്തിൽ വരും. വിമാന ഇന്ധനമായ എടിഎഫിന്റെ വില തുടർച്ചയായി ഉയരുന്നതാണ് സർചാർജ് വർധിപ്പിക്കാൻ കാരണമെന്ന് ഇൻഡിഗോ അറിയിച്ചു. ഏറ്റവും പുതിയ മാസത്തിൽ എടിഎഫ് വിലയിലെ വർധന 14 ശതമാനത്തിലേറെയായതായും, കഴിഞ്ഞ ഒരു ദശകത്തിലെ ഉയർന്ന നിരക്കുകളിലൊന്നിലാണ് ഇപ്പോഴത്തെ ഇന്ധനച്ചെലവെന്നും കമ്പനി വ്യക്തമാക്കി.

രാജ്യാന്തര സർവീസുകളിലും പുതിയ ഇന്ധന ചാർജുകൾ ബാധകമാകും. ഗൾഫ്, മിഡിൽ ഈസ്റ്റ് റൂട്ടുകൾക്ക് 5,500 രൂപ വരെയാണ് പുതിയ ഇന്ധന സർചാർജ്. ഇതോടെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് അധിക ചെലവ് വരും. മിഡിൽ ഈസ്റ്റിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യവും വിമാന ഇന്ധനവിലയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നതായി ഇൻഡിഗോ ചൂണ്ടിക്കാട്ടി. ഇന്ധനച്ചെലവ് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ വലിയ പങ്കുവഹിക്കുന്നതിനാൽ നിരക്കുകളിൽ മാറ്റം വരുത്തേണ്ട സാഹചര്യമാണെന്നും കമ്പനി വ്യക്തമാക്കി.

ഇതിനിടെ യുഎഇ–ഇന്ത്യ സെക്ടറുകളിലും വിമാനനിരക്ക് വീണ്ടും ഉയരാനുള്ള സമ്മർദം ശക്തമാകുകയാണ്. ഇന്ധനച്ചെലവിനൊപ്പം വിമാന സർവീസുകളുടെ ലഭ്യതയും സീസണൽ യാത്രാ തിരക്കും നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ച് ദസറ, ദീപാവലി യാത്രകൾ അടുത്തുവരുന്നതിനാൽ ഇന്ത്യയിലേക്ക് പോകാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് നിരക്ക് ഇനിയും ഉയരുന്നതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പരിഗണിക്കേണ്ട സാഹചര്യമാണുള്ളത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version