UAE drug smuggling foiled; യുഎഇയിലെ വിമാനത്താവളങ്ങലിലൂടെ വമ്പൻ ലഹരിക്കടത്ത്, രണ്ട മാസത്തിനിടെ പിടികൂടിയത്..

UAE drug smuggling foiled; യുഎഇയിലെ വിവിധ വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച മുന്നൂറിലധികം കിലോഗ്രാം ലഹരിമരുന്ന് പിടികൂടി. രണ്ട് മാസത്തിനുള്ളിൽ നടന്ന 14 വലിയ ലഹരിമരുന്ന് കടത്തൽ ശ്രമങ്ങളാണ് ദേശീയ ലഹരിവിരുദ്ധ ഏജൻസിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും ചേർന്ന് പരാജയപ്പെടുത്തിയത്.രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികളുടെ കൂട്ടായ പ്രവർത്തനവും രാജ്യാന്തര തലത്തിലുള്ള രഹസ്യാന്വേഷണ ഏജൻസികളുമായുള്ള ശക്തമായ സഹകരണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് വിവിധ യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി കള്ളക്കടത്തുകാരെ പിടികൂടിയിട്ടുണ്ട്. സംശയാസ്പദമായ ലഹരിനീക്കങ്ങളെക്കുറിച്ച് കപ്പലുകളും വിമാനങ്ങളും എത്തുന്നതിന് മുൻപ് തന്നെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ സുരക്ഷാ വിഭാഗത്തിന് സാധിച്ചു. ലക്ഷ്യസ്ഥാനങ്ങളിൽ എത്തും മുൻപ് തന്നെ ഇത്തരം ചരക്കുകൾ നിരീക്ഷണ വലയത്തിലാക്കാൻ കഴിഞ്ഞത് വലിയ വിജയമായി. വിമാനത്താവളങ്ങളിലെ ട്രാൻസിറ്റ് കേന്ദ്രങ്ങൾ ലഹരിമരുന്ന് കടത്തിനായി ദുരുപയോഗം ചെയ്യുന്നത് തടയാൻ അത്യാധുനിക സ്മാർട്ട് സ്കാനിംഗ് സംവിധാനങ്ങളും സാങ്കേതികവിദ്യയുമാണ് യുഎഇ കസ്റ്റംസ് ഉപയോഗിക്കുന്നത്. ബാഗേജുകളിലും മറ്റും ഒളിപ്പിച്ചിരിക്കുന്ന ലഹരി വസ്തുക്കൾ കൃത്യതയോടെയും വേഗത്തിലും കണ്ടെത്താൻ ഈ സംവിധാനങ്ങൾക്ക് കഴിയുന്നുണ്ട്. വലിയ ഡാറ്റാ അനലിറ്റിക്സ് സംവിധാനങ്ങളുടെ സഹായത്തോടെ സംശയാസ്പദമായ യാത്രക്കാരെയും ചരക്കുകളെയും മുൻകൂട്ടി കണ്ടെത്താനും പരിശോധനകൾ കൂടുതൽ കർശനമാക്കാനും അധികൃതർക്ക് സാധിക്കുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷ തകർക്കാനും യുഎഇയെ ലഹരി കടത്തിന്റെ ഇടത്താവളമാക്കാനുമുള്ള എല്ലാ നീക്കങ്ങളെയും ശക്തമായ നിയമനടപടികളിലൂടെ പ്രതിരോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സമൂഹത്തെ ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി കർശനമായ നടപടികളാണ് രാജ്യത്ത് തുടരുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version