
അധ്യാപക ദിനത്തിൽ തന്റെ വിദ്യാർഥി ജീവിതത്തിലെ മറക്കാനാകാത്ത ഓർമ പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തനിക്ക് അറിവും ജീവിതപാഠങ്ങളും പകർന്നുനൽകിയ അധ്യാപകൻ അഹമ്മദ് ഇബ്രാഹിം മന്ദിക്കൊപ്പമുള്ള അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രമാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 1971 ഏപ്രിൽ 29ന് പകർത്തിയ ചിത്രത്തിൽ അധ്യാപകനായ അഹമ്മദ് ഇബ്രാഹിം മന്ദിക്ക് ഷെയ്ഖ് മുഹമ്മദ് സ്വന്തം കൈപ്പടയിൽ എഴുതിയ നന്ദിക്കുറിപ്പും കാണാം. ‘ഒരു ഓർമയ്ക്കായി നന്ദിയോടെ ഈ ചിത്രം സമർപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രം അധ്യാപകന് സമ്മാനിച്ചത്. യുഎഇയുടെ ഭാവി തലമുറകളെ വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന നിർണായക പങ്കിനെ പ്രസിഡന്റ് പ്രത്യേകം അനുസ്മരിച്ചു. ജീവിതത്തിൽ വഴികാട്ടികളായി മാറിയ അധ്യാപകരെ ഓർക്കാനും അവരുടെ സേവനത്തിന് നന്ദി അറിയിക്കാനും അധ്യാപക ദിനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യുഎഇ രൂപീകരണത്തിന്റെ ആദ്യകാലഘട്ടത്തിൽ അബുദാബിയിലെ വിദ്യാഭ്യാസ മേഖലയുടെ വളർച്ചയിൽ ശ്രദ്ധേയമായ പങ്കുവഹിച്ച അധ്യാപകരിലൊരാളായിരുന്നു അഹമ്മദ് ഇബ്രാഹിം മന്ദി അൽ തമീമി. 1970കളുടെ തുടക്കത്തിൽ അൽ കിന്ദി സ്കൂളിൽ പഠിച്ചിരുന്ന കാലത്താണ് ഷെയ്ഖ് മുഹമ്മദ് അദ്ദേഹത്തിന്റെ ശിഷ്യനായത്. ക്ലാസ് മുറിയിൽ ആരംഭിച്ച ആ ഗുരുശിഷ്യ ബന്ധം പിന്നീട് വർഷങ്ങളോളം തുടർന്നു. 2017ൽ അബുദാബി കിരീടാവകാശിയായിരിക്കെ ഖലീഫ സിറ്റിയിലെ മന്ദിയുടെ വസതിയിലെത്തിയും ഷെയ്ഖ് മുഹമ്മദ് അദ്ദേഹത്തെ നേരിൽ സന്ദർശിച്ചിരുന്നു. അധ്യാപനം ഒരു ജോലി മാത്രമല്ലെന്നും തലമുറകളുടെ ജീവിതത്തിൽ മായാത്ത സ്വാധീനം ചെലുത്തുന്ന ദൗത്യമാണെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വർഷങ്ങൾക്കിപ്പുറം അധ്യാപക ദിനത്തിൽ പഴയ ചിത്രത്തിലൂടെ ആ ഗുരുശിഷ്യബന്ധത്തിന്റെ ഓർമകൾ വീണ്ടും പങ്കുവെച്ചിരിക്കുകയാണ് യുഎഇ പ്രസിഡന്റ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t