‘വാടക കൂട്ടണം’ എന്ന് ഉടമ പറഞ്ഞോ? ദുബായിലെ പ്രവാസികൾ ശ്രദ്ധിക്കണം; നിയമം അനുവദിക്കുന്നത് ഇത്ര മാത്രം!

ദുബായിൽ വാടകക്കരാർ പുതുക്കുന്ന സമയത്ത് ഉടമകൾ ആവശ്യപ്പെടുന്ന വാടക വർധനവിനെക്കുറിച്ച് ആശങ്കപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസമായി വ്യക്തമായ നിയമനിർദേശങ്ങൾ. RERAയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ ഏകപക്ഷീയമായി വാടക വർധിപ്പിക്കാൻ വീട്ടുടമകൾക്ക് കഴിയില്ലെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നു. കരാർ പുതുക്കുമ്പോൾ വാടക വർധിപ്പിക്കാനോ മറ്റ് വ്യവസ്ഥകളിൽ മാറ്റം വരുത്താനോ ഉടമ ആഗ്രഹിക്കുന്നുവെങ്കിൽ, നിലവിലെ കരാർ അവസാനിക്കുന്നതിന് കുറഞ്ഞത് 90 ദിവസം മുമ്പ് രേഖാമൂലം നോട്ടീസ് നൽകണം. ഈ സമയപരിധി പാലിക്കാതെ ആവശ്യപ്പെടുന്ന വാടക വർധനവ് നിയമപരമായി അംഗീകരിക്കപ്പെടില്ല.

വാടക എത്രത്തോളം ഉയർത്താമെന്നത് പ്രദേശത്തെ സമാന വസ്തുവകകളുടെ നിലവിലെ വാടക നിരക്കുമായി താരതമ്യം ചെയ്താണ് തീരുമാനിക്കുന്നത്. നിലവിലെ വാടകയും ശരാശരി വിപണി നിരക്കും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് അനുവദനീയമായ വർധനയുടെ പരിധി നിശ്ചയിക്കുന്നത്.

അനുവദനീയമായ പരമാവധി വർധന:

-നിലവിലെ വാടക ശരാശരി നിരക്കിനേക്കാൾ 10% വരെ മാത്രം കുറവാണെങ്കിൽ – വർധനയില്ല
-11% മുതൽ 20% വരെ കുറവാണെങ്കിൽ – പരമാവധി 5%
-21% മുതൽ 30% വരെ കുറവാണെങ്കിൽ – പരമാവധി 10%
-31% മുതൽ 40% വരെ കുറവാണെങ്കിൽ – പരമാവധി 15%
-40%ൽ കൂടുതൽ കുറവാണെങ്കിൽ – പരമാവധി 20%

തനിക്ക് ആവശ്യപ്പെട്ട വാടക വർധനവ് നിയമപരമാണോ എന്ന് വാടകക്കാർക്ക് സ്വയം പരിശോധിക്കാനും കഴിയും. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റിലോ Dubai REST ആപ്പിലോ ഉള്ള Smart Rental Index ഉപയോഗിച്ച് പ്രദേശവും വസ്തുവിന്റെ തരവും അടിസ്ഥാനമാക്കി അനുവദനീയമായ വർധന എത്രയെന്ന് മനസ്സിലാക്കാം. RERA മാനദണ്ഡപ്രകാരം അർഹതയില്ലാത്ത വാടക വർധനവ് അംഗീകരിക്കേണ്ട ബാധ്യത വാടകക്കാരനില്ല. ഉടമയുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ Rental Dispute Center (RDC) വഴി പരാതി നൽകാനും അവസരമുണ്ട്. തർക്കം പരിശോധിച്ച ശേഷം RDC പുറപ്പെടുവിക്കുന്ന തീരുമാനം ഇരുകക്ഷികൾക്കും നിയമപരമായി ബാധകമായിരിക്കും. അതിനാൽ കരാർ പുതുക്കുന്നതിന് മുമ്പ് നിലവിലെ വാടകയും അനുവദനീയമായ വർധന പരിധിയും പരിശോധിക്കുന്നത് ദുബായിലെ വാടകക്കാർക്ക് നിർണായകമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version