Money Laundering Kuwait: കള്ളപ്പണം വെളുപ്പിക്കൽ: കുവൈത്തിൽ പ്രവാസികൾക്ക് കഠിനതടവും പിഴയും

Money Laundering Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 8 പ്രവാസികൾക്ക് 10 വർഷം കഠിനതടവ് വിധിച്ച് സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിന്റെ ക്രിമിനൽ കോടതി. കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ആകെ 18 ദശലക്ഷം കുവൈത്തി ദിനാർ (ഏകദേശം 490 കോടിയോളം ഇന്ത്യൻ രൂപ) കോടതി പിഴയായി ചുമത്തി. കൂടാതെ, തട്ടിപ്പിന് കൂട്ടുനിന്ന രണ്ട് വാണിജ്യ കമ്പനികൾക്ക് 9 ദശലക്ഷം കുവൈത്തി ദിനാർ പിഴ ചുമത്തുകയും ഇവയുടെ പ്രവർത്തനം സ്ഥിരമായി നിർത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. ജഡ്ജി നാസർ അൽ ബദർ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗവും ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റും നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് കേസ് കോടതിയിലെത്തിയത്. പ്രതികൾക്കെതിരെ തെളിഞ്ഞ പ്രധാന കുറ്റങ്ങൾ താഴെ പറയുന്നവയാണ്. അനധികൃത മാർഗ്ഗങ്ങളിലൂടെ സമ്പാദിച്ച വൻ തുക വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചു. തട്ടിപ്പ് ആവശ്യങ്ങൾക്കായി വ്യാജ ഇലക്ട്രോണിക്, വാണിജ്യ രേഖകളും തെളിവുകളും നിർമ്മിച്ചു. ആവശ്യമായ ഔദ്യോഗിക ലൈസൻസുകളോ അനുമതിയോ ഇല്ലാതെ പണമിടപാടുകളും ബാങ്കിങ് പ്രവർത്തനങ്ങളും നടത്തി. തടവുശിക്ഷാ കാലയളവ് പൂർത്തിയാക്കിയ ശേഷം പ്രവാസികളായ പ്രതികളെ രാജ്യത്തുനിന്ന് നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഇത്തരം അനധികൃത ഇടപാടുകൾക്കെതിരെ വരുംദിവസങ്ങളിലും പരിശോധനകളും കർശന നടപടികളും തുടരുമെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *