പരിചയമില്ലാത്തവർക്കും സ്വന്തം സഹോദരിയായി മർവ; മയ്യത്ത് നമസ്‌കാരത്തിന് ദുബായിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ


ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുന്നതിനിടെ മരണപ്പെട്ട സുഡാനി യുവതി മർവയുടെ മയ്യത്ത് നമസ്‌കാരത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയത് ആയിരക്കണക്കിന് ആളുകൾ. നേരിട്ട് പരിചയമോ കുടുംബബന്ധമോ ഇല്ലാത്തവരായിരുന്നു യുവതിക്കായി പ്രാർത്ഥിക്കാൻ അൽ ഖുസൈസ് ഖബർസ്ഥാനിലെ പള്ളിയിലേക്ക് ഒഴുകിയെത്തിയത്.

ഭർത്താവല്ലാതെ യുഎഇയിൽ മറ്റൊരു ബന്ധുവും മർവയ്ക്കില്ലെന്ന വിവരം പുറത്തുവന്നതോടെയാണ് പ്രവാസി സമൂഹം ഒന്നടങ്കം അവർക്കായി ഒത്തുചേർന്നത്. ‘ജനാസ യുഎഇ’ എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയുടെ സന്നദ്ധപ്രവർത്തകനായ അബ്ദുള്ള ഹുസൈൻ അൽ മർസൂഖി സെപ്റ്റംബർ 25 വെള്ളിയാഴ്ച രാവിലെ പങ്കുവെച്ച ഒരു സന്ദേശമാണ് വലിയ ജനപങ്കാളിത്തത്തിന് വഴിയൊരുക്കിയത്.

“ഭർത്താവല്ലാതെ മറ്റൊരു കുടുംബവും അവർക്കില്ല. അതിനാൽ നിങ്ങൾ അവരുടെ സഹോദരങ്ങളും കുടുംബവുമാകണം” എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന.

വെള്ളിയാഴ്ച അസർ നമസ്‌കാരത്തിന് ശേഷം നടന്ന മയ്യത്ത് നമസ്‌കാരത്തിൽ വിവിധ രാജ്യക്കാരായ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വലിയ ജനാവലിയാണ് പങ്കെടുത്തത്. ആളുകളുടെ വലിയ തിരക്ക് മൂലം പ്രദേശത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

യുകെ സ്വദേശിയായ ഒരു പ്രവാസി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ, ആരുമില്ലാത്ത ഒരു യുവതിക്കായി പ്രാർത്ഥിക്കാൻ ആയിരക്കണക്കിന് ആളുകൾ എത്തിയ കാഴ്ച താൻ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് പറഞ്ഞു.

എഴുത്തുകാരിയായ റബാബ് അൽ താഹിരിയും സംഭവത്തെ ഹൃദയസ്പർശിയായ അനുഭവമായി വിശേഷിപ്പിച്ചു. ഒരു കുടുംബത്തിന് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട സമയത്ത് ആശ്വാസവും പിന്തുണയുമായി ആളുകൾ ഒത്തുചേർന്നുവെന്നും, ‘അവരുടെ സഹോദരങ്ങളും കുടുംബവുമാകൂ’ എന്ന ആഹ്വാനം യാഥാർഥ്യമായെന്നും അവർ കുറിച്ചു.

യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മയ്യത്ത് നമസ്‌കാരങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്ന സന്നദ്ധ കൂട്ടായ്മയാണ് ‘ജനാസ യുഎഇ’. തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും ഒഴിവാക്കുന്നതിനായി കുടുംബാംഗങ്ങളിൽ നിന്നോ അടുത്ത ബന്ധുക്കളിൽ നിന്നോ വിവരങ്ങൾ സ്ഥിരീകരിച്ച ശേഷമാണ് കൂട്ടായ്മ മയ്യത്ത് നമസ്‌കാരത്തിന്റെ സമയവും സ്ഥലവും പങ്കുവെക്കുന്നത്.

കൂടുതൽ ആളുകളെ മയ്യത്ത് നമസ്‌കാരങ്ങളിൽ പങ്കെടുപ്പിക്കുകയും മരിച്ചവർക്കായി പ്രാർത്ഥിക്കാൻ അവസരം ഒരുക്കുകയും ചെയ്യുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. മയ്യത്ത് നമസ്‌കാരത്തിൽ പങ്കെടുക്കുന്നതും മരിച്ചവർക്കായി പ്രാർത്ഥിക്കുന്നതും വലിയ പുണ്യപ്രവർത്തിയാണെന്ന് അൽ മർസൂഖി ഓർമ്മിപ്പിച്ചു.

നവജാതരായ ഇരട്ടക്കുട്ടികളെയും ഭർത്താവിനെയും തനിച്ചാക്കി യാത്രയായ മർവയ്ക്കായി പ്രാർത്ഥിക്കാൻ ഒരുമിച്ചുകൂടിയ ആയിരങ്ങൾ, യുഎഇയിലെ സഹജീവിസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഹൃദയസ്പർശിയായ കാഴ്ചയായി മാറി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *