
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ഉപയോഗത്തിൽ യുഎഇ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നത് വിലക്കും, നിലവിലുള്ള അക്കൗണ്ടുകൾ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനരഹിതമാക്കണമെന്നും പുതിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
ഉപയോക്താക്കളുടെ പ്രായം ഉറപ്പാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിവിധ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണം. യുഎഇ പാസ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ഐഡികൾ, ഔദ്യോഗിക രേഖകൾ ഉപയോഗിച്ചുള്ള തിരിച്ചറിയൽ പരിശോധന, ബയോമെട്രിക് പരിശോധന, എഐ അധിഷ്ഠിത പ്രായനിർണയം എന്നിവയാണ് പരിഗണിക്കുന്ന മാർഗങ്ങൾ.
അതേസമയം, 15നും 16നും ഇടയിൽ പ്രായമുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാമെങ്കിലും കൂടുതൽ സുരക്ഷാ നിയന്ത്രണങ്ങൾ ബാധകമാകും. സ്ക്രീൻ സമയം നിയന്ത്രിക്കുന്ന സംവിധാനങ്ങൾ, പരിചയമില്ലാത്തവരിൽ നിന്നുള്ള സന്ദേശങ്ങൾക്ക് നിയന്ത്രണം, ലൈവ് സ്ട്രീമിങ്ങിനും ഡയറക്ട് മെസേജിങ്ങിനും അധിക നിയന്ത്രണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള അൽഗോരിതം അടിസ്ഥാനമാക്കിയുള്ള ഉള്ളടക്ക ശുപാർശകൾക്കും നിയന്ത്രണമുണ്ടാകും.
15 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിന്റെ ഉത്തരവാദിത്വം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കാണ്. പ്രായപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യുകയും ഡിജിറ്റൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് പ്ലാറ്റ്‌ഫോമുകളുടെ നിയമപരമായ ബാധ്യതയായിരിക്കും.
കുട്ടികളെ സാങ്കേതികവിദ്യയിൽ നിന്ന് പൂർണമായി അകറ്റുക എന്നതല്ല നടപടികളുടെ ലക്ഷ്യമെന്നും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യകരമായ മാനസിക-സാമൂഹിക വളർച്ചയ്ക്ക് സഹായിക്കുന്ന ഡിജിറ്റൽ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനത്തിന്റെ പേരിൽ കുട്ടികളുടെ കുടുംബങ്ങൾക്ക് ശിക്ഷ നൽകുന്നതിന് പകരം ബോധവൽക്കരണത്തിനും പിന്തുണയ്ക്കുമാണ് പ്രാധാന്യം നൽകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t