
Etihad Rail Dubai; യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ദുബായ് സ്റ്റേഷൻ പ്രവർത്തനസജ്ജമാകാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ടു. ദുബായിലെ അൽ യലായിസിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷൻ വഴി ദുബായിയെ അബുദാബി, ഫുജൈറ സ്റ്റേഷനുകളുമായി നേരിട്ട് ബന്ധിപ്പിക്കും. അബുദാബി, ഫുജൈറ സ്റ്റേഷനുകൾ ഈ വർഷം ആദ്യത്തോടെ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. പുതിയ സ്റ്റേഷന്റെ സാധ്യതകൾ മുതൽ ദുബായ് മെട്രോയുമായുള്ള കണക്റ്റിവിറ്റി വരെയുള്ള 5 പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
- ദുബായിൽ രണ്ടാമതൊരു ഇത്തിഹാദ് റെയിൽ സ്റ്റേഷൻ കൂടി വരുന്നു
ദുബായിൽ രണ്ടാമതൊരു ഇത്തിഹാദ് റെയിൽ സ്റ്റേഷൻ കൂടി നിർമ്മിച്ചേക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യക്തമാക്കി. ഇത്തിഹാദ് റെയിൽ ശൃംഖലയിൽ നേരത്തെ സ്ഥിരീകരിച്ച 11 സ്റ്റേഷനുകൾക്ക് പുറമെയാണിത്. ഇതിന്റെ കൃത്യമായ സ്ഥലം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഏപ്രിലിൽ പുറത്തിറക്കിയ ‘ദുബായ് റെയിൽ നെറ്റ്‌വർക്ക് മാപ്പ് 2032’ പ്രകാരം ഈ സ്റ്റേഷൻ മെയ്ദാനിൽ (Meydan) ആയിരിക്കുമെന്നാണ് സൂചന. 2032-ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ദുബായ് മെട്രോയുടെ ഗോൾഡ് ലൈനുമായി ഈ പുതിയ സ്റ്റേഷൻ ബന്ധിപ്പിക്കും.
- അതിവേഗ റെയിൽ സ്റ്റേഷനുകൾ
ദുബായിക്കും അബുദാബിക്കും ഇടയിൽ സർവീസ് നടത്താൻ പദ്ധതിയിട്ടിട്ടുള്ള അതിവേഗ ട്രെയിനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആർടിഎ പുറത്തുവിട്ടു. ഈ അതിവേഗ സർവീസിന് ദുബായിൽ രണ്ട് സ്റ്റേഷനുകളാണുണ്ടാവുക—ഒന്ന് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും മറ്റൊന്ന് അൽ ജദ്ദാഫിലും . ഈ സർവീസ് ആരംഭിക്കുന്ന കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇത് യാഥാർത്ഥ്യമാകുന്നതോടെ ദുബായ്-അബുദാബി യാത്രാസമയം വെറും 30 മിനിറ്റായി ചുരുങ്ങും. നിലവിലെ ഇത്തിഹാദ് ട്രെയിനുകൾ മണിക്കൂറിൽ 200 കി.മീ വേഗതയിൽ സഞ്ചരിക്കുമ്പോൾ, അതിവേഗ ട്രെയിനുകൾ മണിക്കൂറിൽ 350 കി.മീ വേഗതയിലാകും കുതിക്കുക.
- ദുബായ് മെട്രോയുമായി നേരിട്ട് ബന്ധിപ്പിക്കും
യാത്രക്കാർക്ക് സുഗമമായി യാത്ര ചെയ്യാൻ ഇത്തിഹാദ് റെയിൽ സ്റ്റേഷനുകളെ ദുബായ് മെട്രോയുമായി ബന്ധിപ്പിക്കും. റെഡ് ലൈനിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായി ഇത്തിഹാദ് റെയിൽ സ്റ്റേഷനെ നേരിട്ട് ബന്ധിപ്പിക്കുന്നതിനായി പ്രത്യേക കാൽനട മേൽപ്പാലം നിർമ്മിക്കുകയാണെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്താർ അൽ തായർ അറിയിച്ചു.
- നാലാം ഇടനാഴിയുമായി ബന്ധിപ്പിക്കൽ
അബുദാബിയിലെ അൽ ഫായ റോഡ് മുതൽ ഷാർജയിലെ അൽ ഷനൂഫ് റോഡ് വരെ നീളുന്ന 80 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ‘ഫോർത്ത് കോറിഡോർ’ പദ്ധതിക്ക് ദുബായ് അംഗീകാരം നൽകി. ഈ ഹൈവേ ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കും. ഇതുവഴി യാത്രാസമയത്തിൽ 60 ശതമാനം വരെ കുറവുണ്ടാകുമെന്നും 31 ലക്ഷത്തിലധികം ആളുകൾക്ക് ഇത് പ്രയോജനപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.
- അബുദാബി വിമാനത്താവളത്തിലേക്ക് ഷട്ടിൽ ബസുകൾ
വിമാന സർവീസുകളും ട്രെയിൻ സർവീസുകളും തമ്മിൽ ഏകോപിപ്പിക്കുന്നതിനായി ഇത്തിഹാദ് റെയിലും ഇത്തിഹാദ് എയർവേയ്‌സും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ സ്റ്റേഷനും ഇടയിൽ പ്രത്യേക ഷട്ടിൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ ഇരു ഏജൻസികളും പഠിച്ചുവരികയാണ്. കൂടാതെ, എയർ-റെയിൽ ടിക്കറ്റുകൾ ഒന്നിച്ചു ബുക്ക് ചെയ്യാനുള്ള സൗകര്യവും ഈ കരാറിലൂടെ ഒരുക്കും.
ദുബായ് സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും സെപ്റ്റംബർ 30-ന് പ്രവർത്തനം ആരംഭിക്കും. ഇതോടെ അബുദാബിക്കും ദുബായിക്കും ഇടയിലുള്ള യാത്രാസമയം ഏകദേശം 57 മിനിറ്റായി ചുരുങ്ങും (യാത്രാസമയത്തിൽ 40 ശതമാനത്തോളം കുറവ്). 2024 ഫെബ്രുവരിയിൽ ആർടിഎയും ഇത്തിഹാദ് റെയിലും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം, യാത്രക്കാർക്ക് നിലവിലുള്ള തങ്ങളുടെ ‘നോൽ’ (Nol) കാർഡുകൾ ഉപയോഗിച്ച് തന്നെ ഇത്തിഹാദ് റെയിലിലും ടിക്കറ്റ് നിരക്ക് അടയ്ക്കാനാകും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t