
പ്രവാസി കേരളീയർക്ക് ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘നോർക്ക കെയർ പ്ലസ്’ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 63,580 പ്രവാസി കുടുംബങ്ങൾ കൂടി അംഗങ്ങളായി. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെയായിരുന്നു രണ്ടാംഘട്ട രജിസ്ട്രേഷൻ നടന്നത്. രണ്ടാംഘട്ടത്തിലെ രജിസ്ട്രേഷനോടെ പദ്ധതിയിൽ അംഗമായ കുടുംബങ്ങളുടെ എണ്ണം 95,580 ആയി. ആദ്യഘട്ടത്തിൽ 32,000 കുടുംബങ്ങളാണ് പദ്ധതിയിൽ ചേർന്നത്. നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികളിലായി ലോകത്തെ 136-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,27,614 പ്രവാസി കുടുംബങ്ങൾ നിലവിൽ അംഗങ്ങളായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
രണ്ടാംഘട്ടത്തിൽ രജിസ്റ്റർ ചെയ്തവരുടെ പോളിസി കാലാവധി 2027 ഏപ്രിൽ 14 വരെ ആയിരിക്കും. പദ്ധതിയിലൂടെ ഏകദേശം 10 ലക്ഷം പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ന്യൂ ഇന്ത്യ അഷ്വറൻസുമായി സഹകരിച്ചുള്ള പദ്ധതിയിൽ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ലഭിക്കും. കൂടാതെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് 5 ലക്ഷം മുതൽ 1 കോടി രൂപ വരെ പരിരക്ഷ നൽകുന്ന ഏഴ് ഇൻഷുറൻസ് സ്ലാബുകളും ഒരുക്കിയിട്ടുണ്ട്.
10 ലക്ഷം രൂപയോ അതിൽ കൂടുതലോ പരിരക്ഷയുള്ള പോളിസികളിൽ പോളിസി ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താൻ സാധിക്കും. കേരളത്തിലെ 688-ലധികം പ്രമുഖ ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 24,000ത്തോളം ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സാ സൗകര്യവും പദ്ധതിയുടെ ഭാഗമായി ലഭ്യമാകും. 18 മുതൽ 70 വയസ്സ് വരെ പ്രായമുള്ള സാധുവായ നോർക്ക ഐഡി കാർഡുള്ള പ്രവാസികൾക്കാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം ലഭിച്ചത്.