
Indian Consulate legal advice; സൈബർ കുറ്റകൃത്യങ്ങൾ, ബാങ്കിങ് തട്ടിപ്പുകൾ, എമിറേറ്റ്സ് ഐഡി ദുരുപയോഗം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇത്തരം സങ്കീർണ്ണമായ വിഷയങ്ങളിൽ നിയമസഹായം എവിടെനിന്ന് ലഭിക്കുമെന്നറിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്കായി കോൺസുലേറ്റ് സൗജന്യ ലീഗൽ കൗൺസലിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 21 തിങ്കളാഴ്ച ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുക. ദുബായിലും വടക്കൻ എമിറേറ്റുകളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകിട്ട് 4:30 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി അപ്പോയിൻ്റ്മെൻ്റ് എടുക്കേണ്ടതില്ല; നേരിട്ടെത്തി പങ്കെടുക്കാവുന്നതാണ് .
പ്രവാസികൾക്ക് പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളിൽ നിയമോപദേശം തേടാം
- സൈബർ കുറ്റകൃത്യങ്ങൾ
- ബാങ്കിങ്-സാമ്പത്തിക തട്ടിപ്പുകൾ
- എമിറേറ്റ്സ് ഐഡി ദുരുപയോഗം
‘സേവാ പഖ്വാഡ’യുടെ (സേവാ പക്ഷാചരണം) ഭാഗമായാണ് കോൺസുലേറ്റ് ഈ ലീഗൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. നിയമസഹായം ആവശ്യമുള്ള എല്ലാ പ്രവാസികളും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കോൺസുലേറ്റ് അഭ്യർത്ഥിച്ചു. തട്ടിപ്പുകൾക്ക് ഇരയാവുകയോ മറ്റ് നിയമക്കുരുക്കുകളിൽ അകപ്പെടുകയോ ചെയ്തവർക്ക്, തുടർനടപടികളെക്കുറിച്ച് വിദഗ്ധരായ നിയമജ്ഞരുമായി നേരിട്ട് സംസാരിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സ്വന്തമാക്കാൻ ഈ സെഷൻ സഹായകമാകും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t