
Dubai Road Development Project; അൽ ജദ്ദാഫ്, ഔദ് മേത്ത, ഉമ്മു ഹുറൈർ, സബീൽ തുടങ്ങിയ പ്രധാന മേഖലകളിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർക്ക് വലിയ ആശ്വാസമേകി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ വൻകിട റോഡ് വികസന പദ്ധതി പൂർത്തിയായി. ഔദ് മേത്ത റോഡ്, അൽ അസായൽ സ്ട്രീറ്റ് വികസന പദ്ധതി യാഥാർത്ഥ്യമായതോടെ പ്രദേശത്തെ യാത്രാസമയം 20 മിനുട്ടിൽ നിന്ന് വെറും 5 മിനുട്ടായി കുറഞ്ഞു. ഇതിലൂടെ 75 ശതമാനം സമയലാഭമാണ് യാത്രാക്കാർക്ക് ലഭിക്കുന്നത്. പദ്ധതി പൂർത്തിയായതോടെ ഔദ് മേത്ത റോഡിലെ വാഹനശേഷി മണിക്കൂറിൽ 10,400-ൽ നിന്ന് 15,600 വാഹനങ്ങളായി ഉയർന്നിട്ടുമുണ്ട്. നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 14 കിലോമീറ്റർ പുതിയ റോഡുകളും 4 പരിഷ്കരിച്ച ജംഗ്ഷനുകളുമാണ് ഈ പദ്ധതിയിലൂടെ നിർമ്മിച്ചിട്ടുള്ളത്. ഔദ് മേത്ത റോഡും അൽ അസായൽ സ്ട്രീറ്റും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ആകെ 4.3 കിലോമീറ്റർ നീളത്തിൽ പുതിയ പാലങ്ങളും തുരങ്കങ്ങളും യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതിയുടെ വരവോടെ സബീൽ, അൽ ജദ്ദാഫ്, ഔദ് മേത്ത, ഉമ്മു ഹുറൈർ എന്നീ ജനവാസ മേഖലകൾക്ക് പുറമെ ലത്തീഫ ഹോസ്പിറ്റൽ, അൽ വസൽ ക്ലബ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതം പൂർണ്ണമായും സുഗമമായി മാറി. 2030-ഓടെ ഈ മേഖലകളിലെ ജനസംഖ്യ 4,20,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഷെയ്ഖ് റാഷിദ് റോഡ് ജംഗ്ഷനിൽ ഗർഹൂദ് പാലത്തിലേക്ക് തിരിയുന്ന റാംപിൽ ഒരു ലെയ്ൻ കൂടി കൂട്ടിച്ചേർത്ത് ശേഷി മണിക്കൂറിൽ 1,800 വാഹനങ്ങളാക്കി ഉയർത്തി. കൂടാതെ ദുബായ്-അൽ ഐൻ റോഡിലേക്ക് വലത്തോട്ട് തിരിയുന്ന ലെയ്നുകളുടെ എണ്ണം മൂന്നായി വർദ്ധിപ്പിച്ച് ശേഷി 4,000 വാഹനങ്ങളാക്കി മാറ്റി. ഔദ് മേത്ത സർവീസ് റോഡിൽ നിന്ന് ബുർ ദുബായിലേക്ക് പോകുന്ന യാത്രക്കാർക്കായി ഷെയ്ഖ് റാഷിദ് റോഡ് ജംഗ്ഷനെ ബന്ധിപ്പിക്കുന്ന പുതിയ തുരങ്കവും തുറന്നിട്ടുണ്ട്. ഇതിനുപുറമെ, അൽ അസായൽ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിലേക്ക് അൽ വസൽ ക്ലബ് സ്ട്രീറ്റ് വഴി ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങളും, അൽ അസായൽ സ്ട്രീറ്റിൽ നിന്ന് ഔദ് മേത്ത റോഡിലേക്ക് ഇടത്തോട്ട് തിരിയുന്ന മറ്റൊരു പാലവും ഗതാഗതത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ദുബായുടെ ഭാവി നഗര വളർച്ചയും വർദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങളും മുൻകൂട്ടി കണ്ടാണ് ആർടിഎ ഈ അത്യാധുനിക ഇൻഫ്രാസ്ട്രക്ചർ പദ്ധതി പൂർത്തിയാക്കിയതെന്ന് ആർടിഎ ഡയറക്ടറും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്താർ അൽ തായർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t