പെട്രോളൊഴിച്ച് തീ കൊളുത്തി; 31കാരന് ദാരുണാന്ത്യം, പ്രധാന പ്രതി ഗൾഫിൽനിന്നെത്തിയത് ദിവസങ്ങൾക്കുമുൻപ്


ഫോണിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. പിറവം കക്കാട് കോട്ടുകുന്നത്ത് അരുൺ (31) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങിയത്. പിറവത്തെ ടൂവീലർ ഷോറൂമിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് പിറവം സ്നേഹഭവൻ റോഡിൽ നാടിനെ നടുക്കിയ സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അരുണും കേസിലെ പ്രധാന പ്രതിയായ ജിഷ്ണുവും നേരത്തെ സുഹൃത്തുക്കളായിരുന്നെങ്കിലും കഴിഞ്ഞ ഒരു വർഷമായി അകൽച്ചയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ആഴ്ച വിദേശത്തുനിന്ന് നാട്ടിലെത്തിയ ജിഷ്ണുവിനെ ബുധനാഴ്ച അരുൺ ഫോണിൽ വിളിച്ചിരുന്നു. ഫോൺ എടുത്ത ജിഷ്ണുവിന്റെ അമ്മയോട് അരുൺ മോശമായി സംസാരിച്ചുവെന്നാരോപിച്ചാണ് പിന്നീട് ആക്രമണം നടന്നതെന്നാണ് വിവരം.

തുടർന്ന് സുഹൃത്തുക്കളോടൊപ്പം പിറവത്തെത്തിയ ജിഷ്ണു കൈയിൽ കരുതിയിരുന്ന പെട്രോൾ അരുണിന്റെ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിനിടെ ജിഷ്ണുവിനും പൊള്ളലേറ്റു. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ ജിഷ്ണുവിനൊപ്പം പങ്കെടുത്തതായി കണ്ടെത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നെച്ചൂർ പെരുമ്പിളിൽ ചന്ദനു ചന്ദ്രൻ (34), നെച്ചൂർ വാഴയിൽ സാൽബറിൻ (32), കക്കാട് ചൊള്ളാൽ സി.ജി. ദേവ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിലവിൽ റിമാൻഡിലാണ്.

അരുൺ മരിച്ചതോടെ കേസിൽ കൊലപാതകക്കുറ്റം ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ജിഷ്ണുവും അറസ്റ്റിലായ കൂട്ടാളികളും ചേർന്ന് കാരവൻ സർവീസ് നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മുൻകാല ഇടപാടുകളും മറ്റ് കേസുകളുമായുള്ള ബന്ധവും ഉൾപ്പെടെ വിശദമായി അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അരുണിന്റെ മൃതദേഹം ശനിയാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രകാശാണ് പിതാവ്. മാതാവ് സുശീല. സഹോദരി അശ്വതി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *