കുവൈറ്റിൽ ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണേ… കടുത്ത ഉഷ്ണതരംഗത്തിന് സാധ്യത 

കുവൈത്തിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇരു ദിവസങ്ങളിലും രാജ്യത്തെ പരമാവധി താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിനൊപ്പം തീരപ്രദേശങ്ങളിലേക്ക് ചൂടേറിയ ഈർപ്പമുള്ള വായു എത്തുന്നതുമാണ് നിലവിലെ കാലാവസ്ഥാ സാഹചര്യത്തിന് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി അറിയിച്ചു.

വെള്ളിയാഴ്ച പകൽ കടുത്ത ചൂടിനൊപ്പം ചിലയിടങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും അനുഭവപ്പെടും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ നേരിയതോ മിതമായതോ ആയ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ രാത്രിയോടെ ചൂടിനൊപ്പം ഈർപ്പവും വർധിച്ചേക്കും. രാത്രിയിലെ കുറഞ്ഞ താപനില 25 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.

ശനിയാഴ്ചയും ചൂടേറിയ കാലാവസ്ഥ തുടരും. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ദിശയിൽ മാറ്റമുണ്ടാകാനും ഉയർന്ന മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. ശനിയാഴ്ച രാത്രിയിൽ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ താഴും. ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ പകൽ നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കാനും ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *