വീണ്ടും പരീക്ഷ ചൂടിൽ ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾ, ഉത്തരവിറക്കി സിബിഎസ്ഇ; പ്രത്യേക ഫീസ് ഈടാക്കില്ല!

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം മൂലം 2026 മാർച്ചിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന ഗൾഫ് രാജ്യങ്ങളിലെ പ്ലസ് ടു വിദ്യാർഥികൾക്ക് ആശ്വാസമായി സിബിഎസ്ഇയുടെ പുതിയ തീരുമാനം. റദ്ദാക്കിയ വിഷയങ്ങളിൽ വീണ്ടും പരീക്ഷ എഴുതാൻ അർഹരായ വിദ്യാർഥികൾക്ക് അവസരം നൽകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അറിയിച്ചു.യുഎഇ, ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ അർഹരായ വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷയുടെ പ്രയോജനം ലഭിക്കുക. 20 അക്കാദമിക് വിഷയങ്ങളും 20 സ്കിൽ അധിഷ്ഠിത വിഷയങ്ങളും ഉൾപ്പെടെ ആകെ 40 വിഷയങ്ങളിലാണ് പരീക്ഷ നടത്തുക. മാർച്ചിലെ പരീക്ഷകൾ റദ്ദാക്കിയതിനെ തുടർന്ന് പ്രത്യേക മൂല്യനിർണയ രീതിയിലൂടെയാണ് വിദ്യാർഥികളുടെ ഫലം പ്രഖ്യാപിച്ചിരുന്നത്. ഈ ഫലത്തിൽ തൃപ്തരല്ലാത്ത അർഹരായ വിദ്യാർഥികൾക്ക് പുതിയ പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയിൽ ലഭിക്കുന്ന പുതിയ മാർക്കായിരിക്കും അന്തിമമായി കണക്കാക്കുക.

സെപ്റ്റംബർ 22 മുതൽ രജിസ്ട്രേഷൻ

പ്രത്യേക പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 22 മുതൽ 26 വരെ നടത്താം. ഈ സമയപരിധിക്ക് ശേഷം അപേക്ഷ സ്വീകരിക്കില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയ്ക്ക് പ്രത്യേക ഫീസ് ഈടാക്കുകയുമില്ല. നേരത്തെ അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ തന്നെയായിരിക്കും പ്രത്യേക പരീക്ഷയും നടക്കുക. 2026ലെ പ്രധാന പരീക്ഷയ്ക്കായി നേരത്തെ രജിസ്റ്റർ ചെയ്തിരുന്ന, അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക മൂല്യനിർണയത്തിലൂടെ ഫലം ലഭിച്ച റെഗുലർ, പ്രൈവറ്റ് വിദ്യാർഥികൾക്കാണ് അവസരം. മാർച്ച് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാതിരുന്നവർക്ക് പുതിയ അവസരം ലഭിക്കില്ല.

ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാം

റദ്ദാക്കിയ 40 വിഷയങ്ങളിൽ വിദ്യാർഥികൾക്ക് തങ്ങൾ എഴുതാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കാം. ഇംഗ്ലീഷ്, ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ബയോളജി, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ വിഷയങ്ങൾ പട്ടികയിലുണ്ട്. ബാങ്കിങ്, ടൂറിസം, ഹെൽത്ത്‌കെയർ, മാർക്കറ്റിങ് തുടങ്ങിയ വൊക്കേഷണൽ വിഷയങ്ങളും ഉൾപ്പെടുന്നു.

രജിസ്ട്രേഷൻ പൂർത്തിയായ ശേഷമായിരിക്കും പരീക്ഷാ സമയക്രമം പ്രഖ്യാപിക്കുക. പുതിയ പരീക്ഷയിലെ മാർക്കാണ് അന്തിമമായി പരിഗണിക്കുക; ഇതിന് ശേഷം വീണ്ടും ഫലം തിരുത്തുന്നതിനോ പുനർനിർണയത്തിനോ അവസരം ഉണ്ടായിരിക്കില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. വിദ്യാർഥികൾക്കും സ്കൂളുകൾക്കും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കും ഇതുസംബന്ധിച്ച നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. ഗൾഫ് വിദ്യാർഥികൾക്ക് പഠനവർഷം നഷ്ടപ്പെടാതിരിക്കാനും മാർച്ച് പരീക്ഷയിലെ അസാധാരണ സാഹചര്യത്തെ തുടർന്ന് ഉണ്ടായ ബുദ്ധിമുട്ടുകൾ മറികടക്കാനും പുതിയ അവസരം സഹായകരമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version