
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട രണ്ട് സ്പൈസ്ജെറ്റ് വിമാനങ്ങൾ 24 മണിക്കൂറിലേറെ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വിമാനം പുറപ്പെടുന്ന സമയം പലതവണ മാറ്റിയിട്ടും വ്യക്തമായ വിവരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്ന് ടെർമിനൽ 3-ൽ യാത്രക്കാർ പ്രതിഷേധിച്ചു. സ്പൈസ്ജെറ്റിന്റെ SG 5111, SG 5105 സർവീസുകളെയാണ് പ്രധാനമായും കാലതാമസം ബാധിച്ചത്. ഇരുവിമാനങ്ങളിലുമായി ഏകദേശം 200 യാത്രക്കാരാണ് കുടുങ്ങിയത്. ഭക്ഷണമോ താമസസൗകര്യമോ വിമാനക്കമ്പനി ഒരുക്കിയില്ലെന്നും വിവരങ്ങൾ നൽകാൻ ജീവനക്കാർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു.
സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് വിമാനത്താവള അധികൃതർ ഇടപെട്ടാണ് യാത്രക്കാർക്ക് ഭക്ഷണവും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയതെന്നാണ് റിപ്പോർട്ട്. ടെർമിനലിന്റെ തറയിൽ ഇരുന്ന് യാത്രക്കാർ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. SG 5111 തിങ്കളാഴ്ച രാവിലെ 7.45ന് ദുബായിലേക്ക് പുറപ്പെടേണ്ടതായിരുന്നു. ആദ്യം ചൊവ്വാഴ്ച രാവിലെ 9 മണിയിലേക്ക് സമയം മാറ്റി. പിന്നീട് വീണ്ടും വൈകി, ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെയാണ് വിമാനം പുറപ്പെട്ടത്. SG 5105 തിങ്കളാഴ്ച വൈകിട്ട് 6.45ന് പുറപ്പെടേണ്ടതായിരുന്നു. ആദ്യം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ലേക്കും പിന്നീട് ബുധനാഴ്ച പുലർച്ചെ 1 മണിയിലേക്കും സർവീസ് മാറ്റുകയായിരുന്നു.
അതേസമയം, വിമാനങ്ങളിലുണ്ടായ സാങ്കേതിക തകരാറാണ് സർവീസുകൾ വൈകാൻ കാരണമെന്ന് സ്പൈസ്ജെറ്റ് വ്യക്തമാക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ബദൽ വിമാനങ്ങൾ ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനത്താവള അധികൃതർ സ്പൈസ്ജെറ്റിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിഷയം ചർച്ച ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t