
വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, മെസഞ്ചർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ എഐ, പ്രൊഫഷണൽ ഫീച്ചറുകൾ ലഭ്യമാക്കാൻ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സേവനവുമായി മെറ്റ. ‘മെറ്റാ വൺ’ എന്ന പേരിലുള്ള പുതിയ പ്ലാൻ ആഗോളതലത്തിൽ അവതരിപ്പിച്ചു. യുഎഇയിൽ പ്രതിമാസം Dh5.99 മുതൽ വിവിധ പ്ലാനുകളാണ് ലഭ്യമാകുക. സാധാരണ ഉപയോക്താക്കൾ, കണ്ടന്റ് ക്രിയേറ്റർമാർ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് വ്യത്യസ്ത തലങ്ങളിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയുടെ നിലവിലെ സൗജന്യ സേവനങ്ങൾക്കും മെറ്റാ എഐയുടെ അടിസ്ഥാന സൗകര്യങ്ങൾക്കും മാറ്റമുണ്ടാകില്ല. പണം നൽകേണ്ടത് അധിക ഫീച്ചറുകളും ഉയർന്ന എഐ ഉപയോഗ പരിധികളും ലഭിക്കുന്നതിനാണ്. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ഇൻസ്റ്റാഗ്രാം പ്ലസ്, ഫെയ്‌സ്ബുക്ക് പ്ലസ്, വാട്ട്‌സ്ആപ്പ് പ്ലസ് സേവനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബണ്ടിൽ അവതരിപ്പിക്കുന്നത്.
ഉപയോക്താക്കൾക്ക് എന്തൊക്കെ ലഭിക്കും?
പുതിയ ഫോണ്ടുകൾ ഉപയോഗിച്ച് മെസേജുകളും സ്റ്റോറികളും കൂടുതൽ വ്യക്തിഗതമാക്കാനുള്ള സൗകര്യം, സ്റ്റോറി ആരൊക്കെ കണ്ടുവെന്ന് അറിയാനുള്ള പ്രത്യേക നോട്ടിഫിക്കേഷനുകൾ, ചാറ്റ് പ്രിവ്യൂകൾ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും. മെസഞ്ചറിൽ കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകൾക്കൊപ്പം റീലുകളുടെ വിശദമായ അനലിറ്റിക്സ്, സൂപ്പർ റിയാക്ഷനുകൾ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടും. ചാറ്റുകളും മീഡിയ ഫയലുകളും ബാക്കപ്പ് ചെയ്യുന്നതിനുള്ള അധിക സ്റ്റോറേജും ഘട്ടംഘട്ടമായി പരീക്ഷിക്കും. ചാറ്റുകളെ കൂടുതൽ നിയന്ത്രിക്കാൻ ‘ഫോക്കസ് ഷെഡ്യൂൾ’ എന്ന സംവിധാനവും പരീക്ഷിക്കാനൊരുങ്ങുകയാണ്. നിശ്ചിത സമയത്ത് ചാറ്റുകൾ മ്യൂട്ട് ചെയ്യാനോ മറച്ചുവെക്കാനോ ഇതിലൂടെ സാധിക്കും.
എഐയിലും കൂടുതൽ സൗകര്യങ്ങൾ
മെറ്റയുടെ എഐ സംവിധാനങ്ങളിലൂടെ ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുള്ള അധിക ശേഷിയും സബ്‌സ്‌ക്രൈബർമാർക്ക് ലഭിക്കും. ഇതിലൂടെ എഐ അടിസ്ഥാനമാക്കിയുള്ള കണ്ടന്റ് നിർമാണത്തിനും കൂടുതൽ സാധ്യതകളാണ് കമ്പനി ലക്ഷ്യമിടുന്നത്.
ബിസിനസുകൾക്കായി പ്രത്യേക ഫീച്ചറുകൾ
ബിസിനസ് ഉപയോക്താക്കൾക്കായി 24 മണിക്കൂറും ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്ന ‘മെറ്റാ ബിസിനസ് ഏജന്റ്’ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. വെബ്‌സൈറ്റും ഉപഭോക്തൃ റിവ്യൂകളും ഉൾപ്പെടുത്താൻ കഴിയുന്ന എൻഹാൻസ്ഡ് പ്രൊഫൈൽ, റീലുകളിൽ കൂടുതൽ ശ്രദ്ധേയമായ ഫോളോ ബട്ടൺ തുടങ്ങിയവയും ബിസിനസ്, ക്രിയേറ്റർ പ്ലാനുകളുടെ ഭാഗമാണ്.
യുഎഇയിലെ പ്രധാന സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ
| പ്ലാൻ | പ്രതിമാസ നിരക്ക് |
|---|---|
| വാട്ട്‌സ്ആപ്പ് പ്ലസ് | Dh5.99 |
| ഇൻസ്റ്റാഗ്രാം പ്ലസ് | Dh7.99 |
| ഫെയ്‌സ്ബുക്ക് പ്ലസ് | Dh7.99 |
| Core | Dh22.99 |
| Premium | Dh76.99 |
| Essential | Dh46.99 മുതൽ |
| Advanced | Dh119 മുതൽ |
| Expert | Dh359 മുതൽ |
ഉപയോക്താക്കൾക്ക് ആവശ്യാനുസരണം ഒറ്റ ആപ്പിനുള്ള പ്ലാനുകളോ ഒന്നിലധികം സേവനങ്ങൾ ഉൾപ്പെടുന്ന ബണ്ടിലുകളോ തിരഞ്ഞെടുക്കാനാകും. അധിക എഐ ഉപയോഗവും പ്രൊഫഷണൽ ടൂളുകളും ആവശ്യമുള്ളവർക്ക് കൂടുതൽ ഉയർന്ന നിരക്കിലുള്ള പ്ലാനുകളാണ് ലക്ഷ്യമിടുന്നത്.