ഓണം കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങാൻ ഒരുങ്ങിയ പ്രവാസികൾക്ക് ഇരുട്ടടി; വിമാനനിരക്ക് 8 ഇരട്ടി വരെ ഉയർന്നു

ഓണാഘോഷത്തിനായി നാട്ടിലെത്തിയ ഗൾഫ് മലയാളികൾക്ക് തിരിച്ചുപോക്കിന്റെ സമയത്ത് വൻ സാമ്പത്തിക തിരിച്ചടി. കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പലർക്കും യാത്രച്ചെലവ് വലിയ ബാധ്യതയായി മാറുകയാണ്. ചില റൂട്ടുകളിൽ നിരക്ക് മറ്റുദിശയിലേക്കുള്ള യാത്രയേക്കാൾ മൂന്ന് മുതൽ എട്ട് ഇരട്ടി വരെ ഉയർന്നതായി റിപ്പോർട്ടുണ്ട്.
സെപ്റ്റംബർ അവസാനത്തോടെ ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നതാണ് നിരക്ക് ഉയരാൻ പ്രധാന കാരണം. കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്നുള്ള ഗൾഫ് സർവീസുകളിലെ നിരക്കുകളിലും സമാനമായ വർധനയുണ്ട്.

വേനലവധിക്ക് ശേഷം ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകൾ ഓഗസ്റ്റ് അവസാനത്തോടെയും സെപ്റ്റംബർ പകുതിയോടെയുമാണ് തുറന്നത്. ഓണം ആഘോഷിക്കാൻ നാട്ടിലെത്തിയ കുടുംബങ്ങൾ ഉൾപ്പെടെ ഈ ദിവസങ്ങളിലാണ് തിരിച്ചുപോകുന്നത്. ഇതോടെയാണ് ടിക്കറ്റുകൾക്ക് ആവശ്യക്കാർ വർധിക്കുകയും നിരക്ക് കുതിച്ചുയരുകയും ചെയ്തത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് ചില സർവീസുകൾ വെട്ടിക്കുറച്ചതാണ് നിരക്ക് വർധനയ്ക്കുള്ള കാരണമെന്നാണ് വിമാനക്കമ്പനികളുടെ വിശദീകരണം. എന്നാൽ ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്ന സാഹചര്യം തുടരുന്നുണ്ട്. അതേസമയം, അടുത്ത മാസം ആദ്യത്തോടെ കേരള–ഗൾഫ് റൂട്ടുകളിൽ ഇരുദിശകളിലുമുള്ള ടിക്കറ്റ് നിരക്കിൽ വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ യാത്രക്കാരുടെ തിരക്ക് കൂടിയിരിക്കുന്ന ദിവസങ്ങളിലാണ് തിരിച്ചുപോകുന്ന പ്രവാസികൾക്ക് കുത്തനെ ഉയർന്ന നിരക്ക് നേരിടേണ്ടിവരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *