ദുബായ് ഡ്യൂട്ടി ഫ്രീയിൽ മലയാളിക്ക് 9 കോടിയുടെ ഭാഗ്യം; ഇനി ‘ലൈഫ്’ തന്നെ മാറും!

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ മലയാളിക്ക് വൻ ഭാഗ്യം. അജ്മാനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ജിജോ പുളിക്കത്തൊടി (41)യാണ് 10 ലക്ഷം യുഎസ് ഡോളർ, അതായത് ഏകദേശം 9 കോടിയിലേറെ രൂപ സ്വന്തമാക്കിയത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കോൺകോഴ്സ് ബിയിൽ നടന്ന നറുക്കെടുപ്പിലാണ് ജിജോയുടെ 4891 എന്ന ടിക്കറ്റിന് സമ്മാനം ലഭിച്ചത്. ഓഗസ്റ്റ് 22ന് ഓൺലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്. കഴിഞ്ഞ നാല് വർഷമായി അജ്മാനിൽ താമസിക്കുന്ന ജിജോ 17 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ മൂന്ന്–നാല് മാസമായി ഇവർ ഒരുമിച്ച് ടിക്കറ്റെടുക്കുന്നുണ്ടായിരുന്നു. സമ്മാനത്തുക തങ്ങൾക്കെല്ലാവർക്കും വലിയ സഹായമാകുമെന്ന് ജിജോ പ്രതികരിച്ചു.

1999ൽ മില്ലേനിയം മില്യനയർ നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം ഈ സമ്മാനം നേടുന്ന 283-ാമത്തെ ഇന്ത്യക്കാരനാണ് ജിജോ. ഇതേ നറുക്കെടുപ്പിൽ ദുബായിലെ ഇന്ത്യൻ പ്രവാസിയായ രോഹൻ പ്രകാശ് ഫെർണാണ്ടസും 10 ലക്ഷം ഡോളർ സമ്മാനം നേടി. 1710 എന്ന ടിക്കറ്റ് നമ്പറാണ് രോഹന് ഭാഗ്യം കൊണ്ടുവന്നത്. അതേസമയം, ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന ഇന്ത്യൻ സ്വദേശി യോഗേഷ് ധനക് (53) റേഞ്ച് റോവർ കാർ സ്വന്തമാക്കി. 1243 എന്ന ടിക്കറ്റിലൂടെയാണ് യോഗേഷിന് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 15 വർഷമായി യാത്രകളിൽ ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾ എടുക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ദുബായിലെ തുർക്കി പൗരനായ എസെർ എറോളിന് ബിഎംഡബ്ല്യു ബൈക്കും ഇന്ത്യൻ സ്വദേശി മെൽവിൻ പോണ്ടസിന് അപ്രീലിയ ബൈക്കും സമ്മാനമായി ലഭിച്ചു. മെൽവിന് ഇത് രണ്ടാം തവണയാണ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ബൈക്ക് സമ്മാനം ലഭിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *