
അടിയന്തര സാഹചര്യങ്ങളിൽ 999ലേക്കും അന്വേഷണങ്ങൾക്കും അടിയന്തരമല്ലാത്ത പൊലീസ് സേവനങ്ങൾക്കായി 901ലേക്കും വിളിക്കണമെന്ന് ഓർമിപ്പിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം ദേശീയ ബോധവൽകരണ ക്യാംപെയിൻ ആരംഭിച്ചു. ‘ഓരോ നിമിഷവും നിർണായകമാണ്’ എന്ന പ്രമേയത്തിലാണ് ക്യാംപെയിൻ. ദുബായ് പൊലീസിന്റെയും രാജ്യത്തെ വിവിധ പൊലീസ് ആസ്ഥാനങ്ങളുടെയും സഹകരണത്തോടെയാണ് ബോധവൽകരണ പരിപാടി നടപ്പാക്കുന്നത്. അടിയന്തര നമ്പറുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുകയാണ് ക്യാംപെയിന്റെ ലക്ഷ്യം. അടിയന്തര സഹായം ആവശ്യമായ സാഹചര്യങ്ങളിൽ മാത്രമാണ് 999ൽ ബന്ധപ്പെടേണ്ടത്. അന്വേഷണങ്ങൾ, വിവരങ്ങൾ തേടൽ, മറ്റ് അടിയന്തരമല്ലാത്ത പൊലീസ് സേവനങ്ങൾ എന്നിവയ്ക്കായി 901 ഉപയോഗിക്കാനാണ് അധികൃതരുടെ നിർദേശം. അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്കായി 999ലേക്ക് വിളിക്കുന്ന സാഹചര്യം കുറയ്ക്കുന്നതിലൂടെ യഥാർഥ അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ പൊലീസ് സഹായം കൂടുതൽ വേഗത്തിൽ ലഭ്യമാക്കാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ക്യാംപെയിന്റെ ഭാഗമായി എല്ലാ വർഷവും സെപ്റ്റംബർ 9 ‘യുഎഇ എമർജൻസി നമ്പർ ദിനമായി’ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളിലേക്ക് സന്ദേശമെത്തിക്കുന്നതിനായി ഒന്നിലധികം ഭാഷകളിൽ ബോധവൽകരണ സന്ദേശങ്ങളും പ്രചരിപ്പിക്കും.
അടിയന്തര സാഹചര്യങ്ങളിൽ ശരിയായ നമ്പറിൽ ബന്ധപ്പെടുന്നതിലൂടെ ഓരോ സെക്കൻഡും നിർണായകമായ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്ന് അധികൃതർ പൊതുജനങ്ങളെ ഓർമിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t