ഹോർമുസ് പ്രതിസന്ധിയിലും ഭക്ഷ്യക്ഷാമമില്ല; യുഎഇയുടെ ഭക്ഷ്യസുരക്ഷാ തന്ത്രം ലോകത്തിന് മാതൃക

പ്രാദേശിക സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടപ്പോഴും ഭക്ഷ്യവിതരണം മുടങ്ങാതിരിക്കാൻ ശക്തമായ നടപടികളുമായി യുഎഇ. തന്ത്രപ്രധാനമായ കരുതൽ ശേഖരം ഉപയോഗപ്പെടുത്തിയും ബദൽ വിതരണപാതകൾ തുറന്നുമാണ് രാജ്യം പ്രതിസന്ധിയെ നേരിട്ടത്. അബുദാബിയിൽ നടന്ന ‘ഹിലി ഫോറത്തിൽ’ സംസാരിക്കവെ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഉപദേശകൻ ഖമീസ് അൽ ഷെരിയാനിയാണ് യുഎഇയുടെ നടപടികൾ വിശദീകരിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് നേടിയ അനുഭവങ്ങളാണ് പുതിയ പ്രതിസന്ധികളെ നേരിടാൻ രാജ്യത്തെ കൂടുതൽ സജ്ജമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വിപണിയിലെ ചരക്കുനീക്കം തത്സമയം നിരീക്ഷിക്കുകയും വിതരണക്കാരെയും ഇറക്കുമതിക്കാരെയും ഏകോപിപ്പിച്ച് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. ഭക്ഷ്യവസ്തുക്കളുമായി എത്തുന്ന കപ്പലുകൾക്ക് തുറമുഖ പ്രവേശനത്തിലും ക്ലിയറൻസിലും സർക്കാർ പ്രത്യേക മുൻഗണന നൽകിയതും വിതരണ ശൃംഖല നിലനിർത്താൻ സഹായിച്ചു.

സാമ്പത്തിക മന്ത്രാലയം ആഴ്ചതോറും ഭക്ഷ്യകമ്പനികളുമായി ചർച്ച നടത്തി പ്രശ്നങ്ങൾ വിലയിരുത്തുകയും അടിയന്തരമായി പരിഹാരം കണ്ടെത്തുകയും ചെയ്തു. ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ഇറക്കുമതി ചെലവ് മൂന്നിരട്ടി മുതൽ അഞ്ചിരട്ടി വരെ ഉയർന്നതായി നെസ്‌ലെ മെന പ്രതിനിധി ദിന മോംഗി പറഞ്ഞു. കപ്പലുകൾക്ക് പകരം ട്രക്കുകളെ ആശ്രയിക്കേണ്ടി വന്നത് ഗതാഗതച്ചെലവ് വർധിപ്പിച്ചെങ്കിലും സർക്കാർ നടത്തിയ സമയോചിതമായ ഇടപെടലുകൾ വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും നിലനിർത്താൻ സഹായിച്ചു. എല്ലാ ഭക്ഷ്യവസ്തുക്കളും രാജ്യത്തിനകത്ത് തന്നെ ഉൽപ്പാദിപ്പിക്കുക എന്നതിലുപരി, ഏത് പ്രതിസന്ധിയിലും ജനങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കാനുള്ള ‘അതിജീവനശേഷി’ (resilience) ശക്തിപ്പെടുത്തുകയാണ് യുഎഇയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ഉപ്പുവെള്ളത്തിലും കടുത്ത ചൂടിലും വളരാൻ കഴിയുന്ന കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ബയോസലൈൻ അഗ്രികൾച്ചർ ഡയറക്ടർ ജനറൽ ഡോ. താരീഫ അൽസാബി പറഞ്ഞു. മലിനജലം ശുദ്ധീകരിച്ചും സമുദ്രജലത്തിലെ ലവണാംശം നീക്കം ചെയ്തും കൃഷിക്ക് അനുയോജ്യമാക്കുന്നതിനുള്ള ഗവേഷണങ്ങളും പുരോഗമിക്കുകയാണ്. പ്രതിസന്ധി ഉണ്ടായതിന് ശേഷം പ്രതികരിക്കുന്നതിന് പകരം, അതിന് മുൻപേ തന്നെ വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിച്ച് സുരക്ഷിതമാക്കുകയാണ് യുഎഇയുടെ ഭക്ഷ്യസുരക്ഷാ തന്ത്രമെന്നും അധികൃതർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *