
UAE Domestic Labor Law; UAE Domestic Labor Lawയുഎഇയിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമങ്ങൾ കൂടുതൽ കർശനമാക്കി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവെക്കുന്നതിനും ശമ്പളം വൈകിപ്പിക്കുന്നതിനും എതിരെ കടുത്ത നടപടികളാണ് പുതിയ നിയമത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്കും റിക്രൂട്ടിങ് ഏജൻസികൾക്കും ഒരു കോടി ദിർഹം (ഏകദേശം 22 കോടിയിലധികം രൂപ) വരെ പിഴ ചുമത്താൻ പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഗാർഹിക ജോലിക്കാർ, ഡ്രൈവർമാർ, ഹോം നഴ്സുമാർ, സ്വകാര്യ അധ്യാപകർ തുടങ്ങി 19 വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികൾക്ക് പുതിയ നിയമത്തിന്റെ പരിരക്ഷ ലഭിക്കും.
തൊഴിലാളികളുടെ പ്രധാന അവകാശങ്ങൾ
- രേഖകളുടെ സുരക്ഷ: പാസ്‌പോർട്ട്, സിവിൽ ഐഡി തുടങ്ങിയ വ്യക്തിഗത രേഖകൾ കൈവശം വെക്കാൻ തൊഴിലാളിക്ക് പൂർണ്ണ അവകാശമുണ്ട്. ഇവ തൊഴിലുടമ പിടിച്ചുവെക്കാൻ പാടില്ല.
- കൃത്യമായ ശമ്പളം: ശമ്പളം നിശ്ചിത തീയതി കഴിഞ്ഞ് 10 ദിവസത്തിനകം നൽകിയിരിക്കണം.
- അവധിയും യാത്രയും: ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള അവധി നിർബന്ധമാണ്. വർഷത്തിൽ 30 ദിവസത്തെ ശമ്പളത്തോടെയുള്ള വാർഷിക അവധിയും രണ്ട് വർഷത്തിലൊരിക്കൽ നാട്ടിൽ പോയി വരാനുള്ള വിമാന ടിക്കറ്റും നൽകണം.
- വിശ്രമ സമയം: ദിവസവും കുറഞ്ഞത് 12 മണിക്കൂർ വിശ്രമം ഉറപ്പാക്കണം. ഇതിൽ 8 മണിക്കൂർ തുടർച്ചയായ വിശ്രമമായിരിക്കണം.
- രോഗാവധി: വർഷത്തിൽ 30 ദിവസത്തെ രോഗാവധിക്ക് അർഹതയുണ്ട്. ഇതിൽ ആദ്യ 15 ദിവസം മുഴുവൻ ശമ്പളവും ബാക്കി 15 ദിവസം പകുതി ശമ്പളവും നൽകണം.
തൊഴിലുടമയുടെയും ഏജൻസികളുടെയും കടമകൾ
- തൊഴിലാളിക്ക് അനുയോജ്യമായ താമസസൗകര്യം, ഭക്ഷണം, ചികിത്സ എന്നിവ ഉറപ്പാക്കണം.
- കരാറിലില്ലാത്ത ജോലികൾ തൊഴിലാളിയുടെ സമ്മതമില്ലാതെ ചെയ്യിക്കരുത്.
- റിക്രൂട്ട്മെന്റ് ചെലവുകൾക്കോ കമ്മീഷനായോ തൊഴിലാളിയിൽ നിന്ന് പണം ഈടാക്കാൻ പാടില്ല.
- 18 വയസ്സിന് താഴെയുള്ളവരെ ഒരു കാരണവശാലും ജോലിക്ക് നിയോഗിക്കരുത്.
ശിക്ഷാ നടപടികൾ
നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് 5,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെയാണ് പ്രാഥമിക പിഴ. എന്നാൽ നിയമവിരുദ്ധമായി തൊഴിലാളികളെ നിയമിക്കുകയോ ലൈസൻസില്ലാതെ ഏജൻസി പ്രവർത്തിപ്പിക്കുകയോ ചെയ്താൽ പിഴയ്‌ക്കൊപ്പം തടവുശിക്ഷയും ലഭിക്കും. കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ പിഴ തുക ഒരു കോടി ദിർഹം വരെയാകും. തൊഴിലുടമയും തൊഴിലാളിയും തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ മന്ത്രാലയം വഴി അനുരഞ്ജനത്തിന് ശ്രമിക്കാം. അവിടെ പരിഹാരമായില്ലെങ്കിൽ കേസ് കോടതിയുടെ പരിഗണനയ്ക്ക് വിടും. ഗാർഹിക മേഖലയിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്നതിനുമാണ് യുഎഇയുടെ ഈ നീക്കം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t