
യുഎഇയിലെ താമസക്കാർക്കും ജീവനക്കാർക്കും 2027ലെ അവധി ദിനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനുള്ള ഏകദേശ കലണ്ടർ പുറത്തുവന്നു. മതപരമായ ആഘോഷങ്ങളും ദേശീയ ദിനങ്ങളും ഉൾപ്പെടെ നിരവധി പൊതുഅവധി ദിനങ്ങളാണ് അടുത്ത വർഷം കാത്തിരിക്കുന്നത്. എന്നാൽ ഇസ്‌ലാമിക കലണ്ടറിലെ മാസങ്ങൾ ചന്ദ്രപ്പിറവി ദർശനത്തെ അടിസ്ഥാനമാക്കിയുള്ളതിനാൽ റമദാൻ, ഈദ് ഉൾപ്പെടെയുള്ള ഹിജ്‌റി കലണ്ടർ പ്രകാരമുള്ള അവധി ദിനങ്ങളിൽ നേരിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. അന്തിമ തീയതികൾ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ സ്ഥിരീകരിക്കുകയുള്ളൂ.
2027ലെ പ്രധാന അവധി ദിനങ്ങൾ:
പുതുവർഷം – ജനുവരി 1:
2027 ജനുവരി 1 വെള്ളിയാഴ്ചയാണ്. വെള്ളി, ശനി, ഞായർ ദിവസങ്ങൾ തുടർച്ചയായി ലഭിക്കുന്നതിനാൽ വർഷത്തിലെ ആദ്യത്തെ മൂന്ന് ദിവസത്തെ ലോങ് വീക്കെൻഡ് ലഭിക്കും. ജനുവരി 4 തിങ്കളാഴ്ചയായിരിക്കും ആദ്യ പ്രവൃത്തി ദിവസം.
ഈദ് അൽ ഫിത്തർ – മാർച്ച്:
ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 2027 ഫെബ്രുവരി 8ന് റമദാൻ ആരംഭിക്കാനാണ് സാധ്യത. റമദാൻ 29 ദിവസം പൂർത്തിയാകുകയാണെങ്കിൽ മാർച്ച് 9 മുതൽ 11 വരെ അവധി ലഭിച്ചേക്കും. റമദാൻ 30 ദിവസം പൂർത്തിയാക്കിയാൽ മാർച്ച് 12 വെള്ളിയാഴ്ചയും അവധിയായേക്കും. വാരാന്ത്യ അവധി കൂടി ചേരുന്നതോടെ ആറ് ദിവസത്തെ നീണ്ട ഇടവേള ലഭിക്കാനുള്ള സാധ്യതയുണ്ട്.
അറഫാ ദിനവും ഈദ് അൽ അദ്ഹയും – മെയ്:
അറഫാ ദിനവും ബലിപെരുന്നാളും ഉൾപ്പെടെ നാല് ദിവസത്തെ അവധിയാണ് പ്രതീക്ഷിക്കുന്നത്. ഏകദേശ കണക്കുകൾ പ്രകാരം മെയ് 15 ശനിയാഴ്ച മുതൽ മെയ് 18 ചൊവ്വാഴ്ച വരെയായിരിക്കും അവധി.
ഹിജ്‌റി പുതുവർഷം – ജൂൺ 6:
മുഹറം ഒന്നിന് 2027 ജൂൺ 6 ഞായറാഴ്ച വരാനാണ് സാധ്യത. ഇതോടെ ഒരു ദിവസത്തെ പൊതുഅവധി ലഭിക്കും.
നബിദിനം – ഓഗസ്റ്റ് 14:
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പൊതുഅവധി ഓഗസ്റ്റ് 14 ശനിയാഴ്ച വരാനാണ് സാധ്യത.
യുഎഇ ദേശീയ ദിനം – ഡിസംബർ 2, 3:
യുഎഇയുടെ 56-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 2 വ്യാഴാഴ്ചയും 3 വെള്ളിയാഴ്ചയും പൊതുഅവധി ലഭിക്കും. വാരാന്ത്യ അവധി കൂടി ചേരുന്നതോടെ ഡിസംബർ 2 മുതൽ 5 വരെ നാല് ദിവസത്തെ ലോങ് വീക്കെൻഡ് ലഭിക്കും.
ചന്ദ്രപ്പിറവി ദർശനത്തെ അടിസ്ഥാനമാക്കിയാണ് ഇസ്‌ലാമിക മാസങ്ങളുടെ ദൈർഘ്യം 29 അല്ലെങ്കിൽ 30 ദിവസമായി നിശ്ചയിക്കുന്നത്. അതിനാൽ ഈദ് ഉൾപ്പെടെയുള്ള മതപരമായ അവധി ദിനങ്ങളുടെ അന്തിമ തീയതികളിൽ മാറ്റമുണ്ടാകാം. ഔദ്യോഗിക ചന്ദ്രപ്പിറവി നിരീക്ഷണ സമിതിയുടെ തീരുമാനത്തിനും യുഎഇ അധികൃതരുടെ ഔദ്യോഗിക പ്രഖ്യാപനത്തിനും ശേഷമായിരിക്കും അവധി ദിനങ്ങൾ അന്തിമമായി സ്ഥിരീകരിക്കുക. അതിനാൽ യാത്രകളും അവധിക്കാല പദ്ധതികളും തയ്യാറാക്കുമ്പോൾ തീയതികളിൽ മാറ്റത്തിന് സാധ്യതയുണ്ടെന്ന കാര്യം കൂടി കണക്കിലെടുക്കണം.