കുവൈത്തിൽ പുതിയ സീസൺ തുടക്കമായി; ചൂട് കുറയുമോ? 


കുവൈത്തിൽ ശരത്കാലത്തിന്റെ ആദ്യഘട്ടമായ ‘അൽ-ജഭ’ സീസണിന് ഞായറാഴ്ച, സെപ്റ്റംബർ 6ന് തുടക്കമായതായി അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സുഹൈൽ നക്ഷത്രത്തിന്റെ ഉദയവുമായി ബന്ധപ്പെട്ട ഈ ഘട്ടം സെപ്റ്റംബർ 18 വരെ 13 ദിവസം നീണ്ടുനിൽക്കും. രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങുന്നതാണ് ‘അൽ-ജഭ’ സീസണിന്റെ പ്രധാന പ്രത്യേകത. പകൽ നേരിയ ചൂട് തുടരുമെങ്കിലും രാത്രിയുടെ ദൈർഘ്യം ക്രമേണ വർധിക്കും.

സെപ്റ്റംബർ അവസാന വാരത്തോടെ കുവൈത്ത് 26 ദിവസം നീളുന്ന ‘അൽ-സഫ്രി’ സീസണിലേക്ക് കടക്കും. ഈ കാലയളവിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മണൽക്കാറ്റും പൊടിപടലങ്ങളും ശക്തമാകുന്നതോടെ ആകാശത്തിന് മഞ്ഞനിറം തോന്നാനും സാധ്യതയുണ്ട്. ദേശാടന പക്ഷികളുടെ സാന്നിധ്യം വർധിക്കുന്ന ഈ ഘട്ടം ശീതകാലത്തിന്റെ വരവിനുള്ള സൂചന കൂടിയാണ്. പുലർച്ചെയും രാത്രിയിലും തണുപ്പ് കൂടുതൽ പ്രകടമാകുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുകയും മൂടൽമഞ്ഞ് രൂപപ്പെടുകയും ചെയ്യാം.

അതേസമയം, സെപ്റ്റംബർ മാസത്തിൽ കുവൈത്തിലെ ആകാശത്ത് ഏഴ് പ്രധാന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ അരങ്ങേറും.

സെപ്റ്റംബർ 6: ചന്ദ്രനും ചൊവ്വയും അടുത്തുവരുന്ന കാഴ്ച പുലർച്ചെ ഒരു മണി മുതൽ സൂര്യോദയം വരെ ദൃശ്യമാകും.

സെപ്റ്റംബർ 9: ചന്ദ്രനും വ്യാഴവും അടുത്തടുത്തായി പ്രത്യക്ഷപ്പെടും. പുലർച്ചെ 3 മണി മുതൽ ഈ കാഴ്ച കാണാനാകും.

സെപ്റ്റംബർ 11: 1448-ലെ റബീഉൽ താനി മാസപ്പിറവി ദൃശ്യമാകും.

സെപ്റ്റംബർ 14: ചന്ദ്രനും ശുക്രനും തമ്മിലുള്ള സംഗമം വൈകുന്നേരം 6 മണിയോടെ തെക്കുപടിഞ്ഞാറൻ ആകാശത്ത് കാണാം.

സെപ്റ്റംബർ 22: 2026ലെ ഏറ്റവും തിളക്കമേറിയ നിലയിൽ ശുക്രൻ ആകാശത്ത് പ്രത്യക്ഷപ്പെടും. സൂര്യാസ്തമയ സമയത്ത് ശുക്രനെ വ്യക്തമായി നിരീക്ഷിക്കാനാകും.

സെപ്റ്റംബർ 23: ശരത്കാല സമരാത്രി ദിനം. അന്ന് പകലിനും രാത്രിക്കും ഏകദേശം തുല്യ ദൈർഘ്യമുണ്ടാകും. ഇതോടെ ഉത്തരാർദ്ധഗോളത്തിൽ ഔദ്യോഗികമായി ശരത്കാലത്തിന് തുടക്കമാകും. കാലാവസ്ഥാ മാറ്റങ്ങൾക്കും ആകാശക്കാഴ്ചകൾക്കും ഒരുപോലെ പ്രാധാന്യമുള്ള മാസമായിരിക്കും സെപ്റ്റംബർ എന്നാണ് അൽ-ഒജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *