
കുവൈത്തിലെ വിവിധ ഹെൽത്ത് ഡിസ്ട്രിക്റ്റുകളിൽ ജോലി ചെയ്യുന്ന നഴ്സുമാർക്കായി പുതിയ താമസസമുച്ചയങ്ങൾ ഒരുക്കാനുള്ള പദ്ധതിക്ക് വേഗം കൂട്ടി ആരോഗ്യ മന്ത്രാലയം. പദ്ധതിയുടെ പഠനം, രൂപകൽപ്പന, നിർമാണ മേൽനോട്ടം എന്നിവയ്ക്കായി ക്ഷണിച്ച ടെൻഡറുകളുടെ ബിഡുകൾ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് തുറന്നു. നേരത്തേ യോഗ്യത നേടിയ നാല് കൺസൾട്ടൻസി സ്ഥാപനങ്ങളാണ് ടെൻഡർ നടപടികളിൽ പങ്കെടുത്തത്. പദ്ധതിയുടെ സാങ്കേതിക മൂല്യനിർണയ ഫലങ്ങൾക്ക് ക്യാപ്റ്റ് അംഗീകാരം നൽകിയതിനു പിന്നാലെയാണ് പുതിയ നീക്കം. തുറന്ന ബിഡുകൾ ഇനി ആരോഗ്യ മന്ത്രാലയത്തിന് കൈമാറും. പൊതു ടെൻഡർ നിയമപ്രകാരം 30 ദിവസത്തിനകം വിശദമായ സാങ്കേതിക ശുപാർശ സമർപ്പിക്കേണ്ടതുണ്ട്. പരിശോധനയ്ക്കുശേഷം അനുയോജ്യമായ ബിഡ് തിരഞ്ഞെടുത്ത് നിർമാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ ആരംഭിക്കും.
നഴ്സുമാർക്ക് ജോലി ചെയ്യുന്ന ഹെൽത്ത് ഡിസ്ട്രിക്റ്റുകളിൽ തന്നെ താമസസൗകര്യം ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ സ്വകാര്യ കെട്ടിടങ്ങളിൽ മുറികൾ വാടകയ്ക്കെടുത്ത് താമസസൗകര്യം ഒരുക്കുന്നതിനായി ചെലവഴിക്കുന്ന വലിയ തുക കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ജോലിസ്ഥലത്തിന് സമീപം താമസിക്കാൻ കഴിയുന്നതോടെ നഴ്സുമാരുടെ യാത്രാസമയവും ബുദ്ധിമുട്ടുകളും കുറയും. ആരോഗ്യ മേഖലയിലെ നഴ്സുമാരുടെ സേവനങ്ങൾ പരിഗണിച്ച് അവർക്ക് കൂടുതൽ സൗകര്യപ്രദമായ താമസസാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.