
ലഹരിമരുന്നിന് അടിമപ്പെടുന്നത് വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല, കുടുംബത്തിന്റെ സമാധാനവും സുരക്ഷിതത്വവും തകർക്കുന്നുവെന്ന് ഷാർജ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ലഹരിയുടെ പിടിയിലായ കുടുംബാംഗങ്ങളുടെ അക്രമം കാരണം സ്വന്തം വീടുകളിൽ പോലും ഭയത്തോടെ കഴിയേണ്ടിവന്ന കുടുംബങ്ങളുടെ അനുഭവങ്ങളാണ് അധികൃതർ പങ്കുവെച്ചത്. ഒരു കേസിൽ, ലഹരിക്ക് അടിമയായ അച്ഛന്റെ അക്രമം സഹിക്കാനാകാതെ മകൾ ലഹരിവിരുദ്ധ വിഭാഗത്തിന്റെ സഹായം തേടി. പിതാവ് ലഹരി ഉപയോഗിക്കുമ്പോൾ വീട്ടുകാർക്ക് പുറത്തുപോകാനോ മറ്റുള്ളവരുമായി സാധാരണ ജീവിതം നയിക്കാനോ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. അച്ഛൻ കസ്റ്റഡിയിലായതോടെയാണ് കുടുംബത്തിന് സമാധാനത്തോടെ റമദാൻ ആഘോഷിക്കാൻ കഴിഞ്ഞത്.
മറ്റൊരു സംഭവത്തിൽ, ലഹരിക്ക് അടിമയായ മകന്റെ ആക്രമണഭീഷണി സഹിക്കാനാകാതെ വയോധികനായ പിതാവ് അധികൃതരുടെ സഹായം തേടി. സ്വന്തം മകനെ പുറത്തിറക്കരുതെന്നും, അയാളോടൊപ്പം ജീവിക്കാൻ കുടുംബത്തിന് ഭയമാണെന്നും അദ്ദേഹം അപേക്ഷിച്ചതായി അധികൃതർ വ്യക്തമാക്കി. ലഹരി ഉപയോഗം പലപ്പോഴും കൗതുകത്തിൽ നിന്നോ ഒരുതവണ പരീക്ഷിച്ചുനോക്കാമെന്ന ചിന്തയിൽ നിന്നോ ആരംഭിച്ച് ജീവിതം തന്നെ തകർക്കുന്ന അവസ്ഥയിലേക്ക് എത്താമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പഠനം, കുടുംബബന്ധങ്ങൾ, ഭാവിപ്രതീക്ഷകൾ എന്നിവയെല്ലാം ലഹരിയുടെ പിടിയിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങൾ വഴിയാണ് ലഹരി വിതരണ സംഘങ്ങൾ കൂടുതലായി യുവാക്കളെയും കൗമാരക്കാരെയും ലക്ഷ്യമിടുന്നതെന്നും മുന്നറിയിപ്പുണ്ട്. സൗജന്യമായി പരീക്ഷിക്കാമെന്ന തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളിലൂടെ യുവാക്കളെ കെണിയിൽപ്പെടുത്തുന്നതായും അധികൃതർ വ്യക്തമാക്കി.
അതേസമയം, ലഹരി കടത്തിലും വിൽപ്പനയിലും ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷയാണ് യുഎഇ നിയമം ഉറപ്പാക്കുന്നത്. എന്നാൽ ലഹരിക്ക് അടിമപ്പെട്ടവർ സ്വമേധയാ സഹായം തേടുകയോ കുടുംബാംഗങ്ങൾ അധികൃതരെ സമീപിക്കുകയോ ചെയ്താൽ രഹസ്യമായി ചികിത്സയും പുനരധിവാസ സഹായവും ലഭ്യമാക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മാനക്കേട് ഭയന്ന് അത് മറച്ചുവയ്ക്കാതെ ഉടൻ സഹായം തേടണമെന്നും മാതാപിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ലഹരിക്കെതിരായ ഏറ്റവും വലിയ പ്രതിരോധം ബോധവൽക്കരണവും സമയബന്ധിതമായ ഇടപെടലുമാണെന്നും അവർ വ്യക്തമാക്കി.