
സോഷ്യൽ മീഡിയ വഴി രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും അതിശയോക്തി നിറഞ്ഞ ചികിത്സാ വാഗ്ദാനങ്ങൾക്കും കടിഞ്ഞാണിട്ട് ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ). ഡോക്ടർമാർ, ക്ലിനിക്കുകൾ, ആശുപത്രികൾ, ആരോഗ്യ മേഖലയെ പ്രൊമോട്ട് ചെയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവർ പാലിക്കേണ്ട കർശനമായ ഉള്ളടക്ക മാനദണ്ഡങ്ങളാണ് അതോറിറ്റി പുറത്തിറക്കിയത്. ഇൻസ്റ്റാഗ്രാം, ടിക്‌ടോക്, വാട്‌സ്ആപ്പ് ഉൾപ്പെടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പുതിയ നിയമങ്ങൾ ബാധകമാകും. ‘മിറക്കിൾ’, ‘മാജിക്’, ‘ഏറ്റവും മികച്ചത്’, ‘100 ശതമാനം ഉറപ്പ്’, ‘വിജയം ഉറപ്പ്’, ‘പാർശ്വഫലങ്ങളില്ല’, ‘ഉടൻ ഫലം’, ‘പണം തിരികെ’ തുടങ്ങിയ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതോ രോഗികളിൽ അനാവശ്യ പ്രതീക്ഷ സൃഷ്ടിക്കുന്നതോ ആയ വാക്കുകളും വാഗ്ദാനങ്ങളും ഉപയോഗിക്കാൻ പാടില്ല.
ആരോഗ്യ സ്ഥാപനങ്ങളെ പ്രൊമോട്ട് ചെയ്യുന്ന ഇൻഫ്ലുവൻസർമാർക്കും നിയന്ത്രണം ബാധകമാണ്. ക്ലിനിക്കിന്റെയോ ആശുപത്രിയുടെയോ പേര് പരാമർശിച്ച് ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ മെഡിക്കൽ ഡയറക്ടറുടെ അനുമതി നിർബന്ധമാണ്. ഇൻഫ്ലുവൻസർമാർ തയ്യാറാക്കുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തവും ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തിനായിരിക്കും. ഡിഎച്ച്എ അംഗീകരിക്കാത്ത ‘കോസ്മെറ്റിക് സ്പെഷ്യലിസ്റ്റ്’, ‘ബ്യൂട്ടി എക്സ്പർട്ട്’ തുടങ്ങിയ പദവികൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ചികിത്സയ്ക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ പാടില്ലെന്നും രോഗികളുടെ ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കാൻ രേഖാമൂലമുള്ള അനുമതി വേണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, ശസ്ത്രക്രിയയ്ക്കിടെയോ രോഗിക്ക് അനസ്തീഷ്യ നൽകിയിരിക്കുന്ന സമയത്തോ പ്രമോഷണൽ ആവശ്യങ്ങൾക്കായി ചിത്രീകരണം നടത്തുന്നതും ലൈവ് സ്ട്രീമിങ് നടത്തുന്നതും പൂർണമായും നിരോധിച്ചു. യുഎഇ സംസ്കാരത്തിനും ഇസ്‌ലാമിക മൂല്യങ്ങൾക്കും വിരുദ്ധമായ ഉള്ളടക്കങ്ങൾക്കും അനുമതിയില്ല. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴയും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് ഡിഎച്ച്എ മുന്നറിയിപ്പ് നൽകി. രോഗികളുടെ സുരക്ഷയും ആരോഗ്യ മേഖലയിലെ സുതാര്യതയും ഉറപ്പാക്കുകയാണ് പുതിയ മാനദണ്ഡങ്ങളുടെ ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t