
വിമാനക്കമ്പനികളുടെ വീഴ്ചകൾ മൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉറപ്പാക്കാൻ ഒമാനിൽ വിമാനയാത്രക്കാരുടെ അവകാശങ്ങൾ കൂടുതൽ ശക്തമാക്കി പുതിയ നിയമങ്ങൾ നടപ്പാക്കി. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ ചട്ടപ്രകാരം വിമാനം വൈകുന്നതും റദ്ദാക്കുന്നതും ബാഗേജ് നഷ്ടപ്പെടുന്നതും ഓവർബുക്കിങ്ങും ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ യാത്രക്കാർക്ക് കൃത്യമായ സേവനങ്ങളും നഷ്ടപരിഹാരവും ലഭിക്കും.
വിമാനം വൈകിയാൽ എന്ത് ലഭിക്കും?
വിമാനം രണ്ട് മണിക്കൂർ വൈകിയാൽ യാത്രക്കാർക്ക് ലഘുഭക്ഷണവും പാനീയങ്ങളും നൽകണം. മൂന്ന് മണിക്കൂറോ അതിൽ കൂടുതലോ വൈകിയാൽ ഭക്ഷണവും ലഭ്യമാക്കണം. ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന സാഹചര്യത്തിൽ ഹോട്ടൽ താമസവും വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും എയർലൈൻ നൽകണം. ഈ സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ യഥാക്രമം 10, 30, 100 എസ്ഡിആർ വരെ നഷ്ടപരിഹാരം നൽകേണ്ടിവരും. ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനത്തെ റദ്ദാക്കിയതിന് തുല്യമായാണ് പരിഗണിക്കുക.
വിമാനം റദ്ദാക്കിയാൽ നഷ്ടപരിഹാരം
യാത്ര പുറപ്പെടുന്നതിന് 14 ദിവസത്തിനുള്ളിൽ വിമാനം റദ്ദാക്കിയാൽ യാത്രാദൂരത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കും.
- 1,500 കിലോമീറ്റർ വരെ: 108 ഒമാനി റിയാൽ
- 1,500 മുതൽ 3,500 കിലോമീറ്റർ വരെ: 173 ഒമാനി റിയാൽ
- 3,500 കിലോമീറ്ററിന് മുകളിൽ: 260 ഒമാനി റിയാൽ
ടിക്കറ്റ് തുക തിരികെ നൽകുന്നതിനൊപ്പം സീറ്റ് തിരഞ്ഞെടുക്കൽ, അധിക ബാഗേജ് തുടങ്ങിയവയ്ക്കായി യാത്രക്കാരൻ പ്രത്യേകം അടച്ച തുകയും റീഫണ്ടിൽ ഉൾപ്പെടുത്തണം.
ബാഗേജ് നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം
ചെക്ക്-ഇൻ ചെയ്ത ബാഗേജ് 21 ദിവസത്തിനുള്ളിൽ യാത്രക്കാരന് ലഭിച്ചില്ലെങ്കിൽ അത് നഷ്ടപ്പെട്ടതായി കണക്കാക്കാം. ബാഗേജ് വൈകിയാൽ ആദ്യ ദിവസത്തേക്ക് 148 എസ്ഡിആർ വരെ നഷ്ടപരിഹാരം ലഭിക്കും. ബാഗേജ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ കിലോഗ്രാമിന് 20 എസ്ഡിആർ വീതം നഷ്ടപരിഹാരം ക്ലെയിം ചെയ്യാം. ഒരു ബാഗേജിന് പരമാവധി 1,288 എസ്ഡിആർ വരെ ലഭിക്കും. ഇത് ഏകദേശം 1.4 ലക്ഷം രൂപയ്ക്ക് തുല്യമാണ്.
ഓവർബുക്കിങ്ങിനും പുതിയ സംരക്ഷണം
ഓവർബുക്കിങ് കാരണം ബുക്ക് ചെയ്ത സീറ്റ് യാത്രക്കാരന് ലഭിക്കാതെ വന്നാൽ മറ്റൊരു വിമാനത്തിൽ യാത്രാ സൗകര്യം ഒരുക്കണം. പുതിയ വിമാനത്തിന്റെ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ അധിക തുക എയർലൈൻ തന്നെ വഹിക്കണം. യാത്രക്കാരൻ പുതിയ യാത്രാ ക്രമീകരണം സ്വീകരിക്കാതെ യാത്ര ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ ടിക്കറ്റ് തുക മുഴുവനായും തിരികെ നൽകുന്നതിനൊപ്പം അതേ തുകയ്ക്ക് തുല്യമായ നഷ്ടപരിഹാരവും നൽകണം. പുതിയ നിയമം വിമാനക്കമ്പനികളുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനൊപ്പം, യാത്രക്കാരുടെ അവകാശങ്ങൾ കൂടുതൽ ശക്തമായി സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.