
ദുബായിലെ താമസസ്ഥലങ്ങളിൽ പരിധിയിലധികം ആളുകളെ പാർപ്പിക്കുന്നതും അനുമതിയില്ലാതെ ഫ്ലാറ്റുകൾ വിഭജിച്ച് അധിക മുറികൾ സൃഷ്ടിക്കുന്നതും തടയാൻ കർശന നടപടികളുമായി അധികൃതർ. പുതിയ ‘ഷെയേർഡ് ഹൗസിംഗ്’ നിയമപ്രകാരം നിയമലംഘനം സംശയിക്കുന്ന താമസകേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം ലഭിക്കും. താമസസ്ഥലങ്ങളിൽ അമിതമായ ആൾത്തിരക്കോ അനധികൃത നിർമാണങ്ങളോ നടക്കുന്നുവെന്ന പരാതികൾ അയൽവാസികളിൽ നിന്നോ മറ്റ് താമസക്കാരിൽ നിന്നോ ലഭിച്ചാൽ അധികൃതർ ഉടൻ അന്വേഷണം ആരംഭിക്കും. നിയമപ്രകാരം നിയോഗിക്കപ്പെടുന്ന ഇൻസ്പെക്ടർമാർക്ക് പരിശോധനയ്ക്കായി താമസസ്ഥലങ്ങളിൽ പ്രവേശിക്കേണ്ടി വരുമ്പോൾ ഉടമകളും താമസക്കാരും ആവശ്യമായ സഹകരണം നൽകണം. പരിശോധന ആവശ്യമായ സാഹചര്യങ്ങളിൽ പൊലീസിന്റെ സഹായം തേടാനും ഇൻസ്പെക്ടർമാർക്ക് അധികാരമുണ്ടാകും. താമസക്കാരുടെ സ്വകാര്യത മാനിച്ചായിരിക്കും പരിശോധന നടക്കുകയെങ്കിലും നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഫ്ലാറ്റുകൾക്കുള്ളിൽ മരപ്പലകകൾ ഉപയോഗിച്ച് അനധികൃതമായി മുറികൾ വിഭജിക്കുക, അടുക്കളകളും സ്റ്റോർ റൂമുകളും ബെഡ്റൂമുകളാക്കി മാറ്റുക തുടങ്ങിയ പ്രവണതകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. ഇത്തരം മാറ്റങ്ങൾ കെട്ടിടങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതോടൊപ്പം തീപിടിത്തമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിനും താമസക്കാർക്ക് സുരക്ഷിതമായി പുറത്തുകടക്കുന്നതിനും തടസ്സമാകുമെന്ന ആശങ്കയുമുണ്ട്. 2025-ൽ അൽ റിഗ്ഗ, മുറഖബാദ്, അൽ ബർഷ, സത്വ, അൽ റഫ തുടങ്ങിയ പ്രദേശങ്ങളിൽ അനധികൃത താമസസൗകര്യങ്ങൾക്കെതിരെ വ്യാപക പരിശോധനകൾ നടന്നിരുന്നു. അമിതമായ ആളുകളെ പാർപ്പിച്ചിരുന്ന നിരവധി താമസകേന്ദ്രങ്ങൾക്കെതിരെയും അധികൃതർ നടപടിയെടുത്തിരുന്നു. അടുത്തിടെ ടൊയോട്ട ബിൽഡിംഗ് ഉൾപ്പെടെയുള്ള ചില കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചതും അമിത താമസവും നിയമലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്നായിരുന്നു.
പുതിയ നിയമത്തിലെ ആർട്ടിക്കിൾ 30 പ്രകാരം, താമസസ്ഥലങ്ങൾ നിശ്ചിത സുരക്ഷാ-താമസ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഇൻസ്പെക്ടർമാർക്ക് പ്രവേശനം അനുവദിക്കാൻ ഉടമകളും താമസക്കാരും ബാധ്യസ്ഥരാണ്. പരിശോധന തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല.
അതേസമയം, ആർട്ടിക്കിൾ 33 പ്രകാരം നിയമവിരുദ്ധമായ താമസസൗകര്യങ്ങൾ കണ്ടെത്തുന്നതിനായി ഷെയേർഡ് ഹൗസിംഗ് കമ്മിറ്റിക്ക് ആവശ്യമായപ്പോൾ സർപ്രൈസ് പരിശോധനകൾ നടത്താനും അധികാരമുണ്ട്.
അധികൃതർ സ്വീകരിക്കുന്ന നടപടികളിലോ ചുമത്തുന്ന പിഴയിലോ പരാതി ഉള്ളവർക്ക് നിയമപരമായി അപ്പീൽ നൽകാനും അവസരമുണ്ട്. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരിക്ക് രേഖാമൂലം പരാതി നൽകണം. പരാതിയിൽ 30 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. ആവശ്യമെങ്കിൽ റെന്റൽ ഡിസ്പ്യൂട്ട് സെന്ററിനെയും സമീപിക്കാം. സുരക്ഷിതവും മാന്യവുമായ താമസസാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനായി പുതിയ നിയമത്തിലെ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഒരു താമസ യൂണിറ്റിൽ എത്ര പേർക്ക് താമസിക്കാം, ഓരോ വ്യക്തിക്കും ആവശ്യമായ കുറഞ്ഞ താമസസ്ഥലം എത്രയാകണം തുടങ്ങിയ കാര്യങ്ങളും നിയമത്തിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t