29-ാം വയസ്സിൽ വിടവാങ്ങൽ; മരണത്തിനപ്പുറവും മൂന്ന് പേർക്ക് പുതുജീവൻ നൽകി പ്രവാസി ഇന്ത്യൻ യുവതി

ജീവിതം 29-ാം വയസ്സിൽ അപ്രതീക്ഷിതമായി അവസാനിച്ചെങ്കിലും, ജൊവിറ്റ ഡിസൂസയുടെ നന്മയുടെ കഥ അവിടെ അവസാനിച്ചില്ല. അവളുടെ അവയവദാനത്തിലൂടെ യുഎഇയിൽ മൂന്ന് പേർക്ക് പുതുജീവിതത്തിനുള്ള അവസരം ലഭിച്ചു. അൽ ജലീല ഫൗണ്ടേഷനിൽ ജോലി ചെയ്തിരുന്ന ജൊവിറ്റയ്ക്ക് അപ്രതീക്ഷിതമായി ഗുരുതരമായ മസ്തിഷ്ക രക്തസ്രാവമുണ്ടാകുകയായിരുന്നു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും പിന്നീട് ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.

മകളുടെ വിയോഗത്തിന്റെ വേദനയ്ക്കിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. യുഎഇയുടെ ദേശീയ അവയവദാന-ട്രാൻസ്‌പ്ലാന്റേഷൻ പദ്ധതിയായ ഹയാത്ത് വഴിയായിരുന്നു അവയവദാനം. ഇതിലൂടെ മൂന്ന് രോഗികൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം ലഭിച്ചു.
മറ്റുള്ളവരെ സഹായിക്കുകയെന്നത് ജീവിതത്തിലുടനീളം ജൊവിറ്റ പിന്തുടർന്നിരുന്ന മൂല്യമായിരുന്നുവെന്ന് കുടുംബവും സഹപ്രവർത്തകരും അനുസ്മരിച്ചു. മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരണമെന്ന മനോഭാവം തന്നെയാണ് അവളുടെ മരണശേഷവും അവയവദാനത്തിന് കുടുംബത്തെ പ്രേരിപ്പിച്ചതെന്നും അവർ പറഞ്ഞു. ലോക അവയവദാന ദിനത്തോടനുബന്ധിച്ച് അൽ ജലീല ഫൗണ്ടേഷൻ പങ്കുവച്ച ജൊവിറ്റയുടെ കഥ, ഒരു ജീവിതം അവസാനിച്ചാലും നന്മയ്ക്ക് അവസാനമില്ല എന്ന സന്ദേശമാണ് നൽകുന്നത്. അവളുടെ പുഞ്ചിരിയും കരുണയും ഇനി ഓർമകളിൽ മാത്രമല്ല, മൂന്ന് മനുഷ്യരുടെ തുടർന്നുകൊണ്ടിരിക്കുന്ന ജീവിതത്തിലും നിലനിൽക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version