യുഎഇ; ഗതാഗതക്കുരുക്ക് മറികടക്കാൻ റോഡ് ഷോൾഡർ ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി അധികൃതർ

തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് മറികടന്ന് മുന്നിലെത്താൻ യുഎഇയിലെ ചില ഡ്രൈവർമാർ റോഡ് ഷോൾഡറുകൾ ഉപയോഗിച്ച് വാഹനങ്ങളെ ഓവർടേക്ക് ചെയ്യാറുണ്ട്. എന്നാൽ ഇത് ജീവന് തന്നെ ഭീഷണിയാകുന്ന ഗുരുതരമായ ട്രാഫിക് നിയമലംഘനമാണെന്ന് നവംബർ 22 വെള്ളിയാഴ്ച അബുദാബി പോലീസ് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു. അപകടസാധ്യതകൾ അവഗണിച്ച് നിരവധി വാഹനങ്ങൾ റോഡ് ഷോൾഡറിലൂടെ മറ്റ് വാഹനങ്ങളെ മറികടക്കുന്നതിന്റെ വീഡിയോ അബുദാബി പോലീസ് പങ്കുവെച്ചു. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മറ്റ് വാഹനങ്ങളെ മറികടക്കാനോ തിരക്ക് ഒഴിവാക്കാനോ റോഡ് ഷോൾഡർ ഉപയോഗിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. ഇത്തരം പ്രവൃത്തികൾ മറ്റ് റോഡ് യാത്രക്കാർക്ക് അപകടമുണ്ടാക്കുമെന്നും, അപകടസ്ഥലങ്ങളിലേക്ക് ആംബുലൻസുകളും എമർജൻസി വാഹനങ്ങളും വേഗത്തിൽ എത്തുന്നത് തടസ്സപ്പെടുത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ട്രാഫിക് നിയമലംഘന പട്ടികയിലെ ആർട്ടിക്കിൾ 42 പ്രകാരം, റോഡ് ഷോൾഡറിലൂടെ മറ്റ് വാഹനങ്ങളെ മറികടന്നാൽ 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും ജീവൻ രക്ഷിക്കാനും ഡ്രൈവർമാർ അവരവർക്ക് അനുവദിച്ചിട്ടുള്ള ലെയ്നുകളിൽ തന്നെ വാഹനമോടിക്കണമെന്നും, ആംബുലൻസുകൾക്കും അടിയന്തര രക്ഷാപ്രവർത്തന വാഹനങ്ങൾക്കുമായി റോഡ് ഷോൾഡറുകൾ ഒഴിച്ചിടണമെന്നും അബുദാബി പോലീസ് ഊന്നിപ്പറഞ്ഞു. ഈ വർഷം ഏപ്രിലിലും റോഡ് ഷോൾഡറിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. റോഡ് ഷോൾഡറിൽ നിർത്തിയിട്ടിരുന്ന ഒരു കാറിന് പിന്നിൽ മറ്റൊരു സെഡാൻ കാർ ഇടിക്കുന്നതിന്റെയും, റോഡിന്റെ ഇടതുവശത്തെ ഷോൾഡറിലൂടെ മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ അധികൃതർ അന്ന് പങ്കുവെച്ചിരുന്നു. വീഡിയോ പങ്കുവെച്ചുകൊണ്ട് അബുദാബി പോലീസ് എക്സിൽ (X) കുറിച്ചത് ഇപ്രകാരമായിരുന്നു: “റോഡ് ഷോൾഡറിൽ വാഹനം നിർത്തുന്നത് നിങ്ങളുടെയും മറ്റ് ഡ്രൈവർമാരുടെയും ജീവൻ അപകടത്തിലാക്കും. നിങ്ങളുടെ വാഹനം കേടായാൽ, എപ്പോഴും റോഡിൽ നിന്ന് മാറ്റി അടുത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് നീക്കിയിടുക. ഓവർടേക്ക് ചെയ്യുന്നതിനായി റോഡ് ഷോൾഡർ ഉപയോഗിക്കരുതെന്നും ഇത് റോഡ് യാത്രക്കാർക്ക് അപകടമുണ്ടാക്കുമെന്നും ട്രാഫിക് നിയമലംഘനങ്ങൾക്ക് കാരണമാകുമെന്നും ഡ്രൈവർമാരെ ഓർമ്മിപ്പിക്കുന്നു.”
സമാനമായ മുന്നറിയിപ്പുമായി ദുബായ് പോലീസും അബുദാബിയിൽ മാത്രമല്ല, ദുബായിലും സമാനമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഹാർഡ് ഷോൾഡറിലൂടെ വാഹനമോടിക്കുന്നതിനെതിരെ ഈ വർഷം ജൂൺ അഞ്ചിന് ദുബായ് പോലീസും ട്രാഫിക് നിയമലംഘന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഗതാഗതക്കുരുക്ക് മറികടക്കാൻ ഷോൾഡറിലൂടെ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച ദുബായ് പോലീസ്, ഈ വർഷം ആരംഭിച്ചത് മുതൽ ഇത്തരത്തിലുള്ള 4,504 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി അറിയിച്ചു. ഏറ്റവും അപകടകരമായ ട്രാഫിക് പെരുമാറ്റങ്ങളിൽ ഒന്നായാണ് ദുബായ് പോലീസ് ഈ കുറ്റകൃത്യത്തെ വിശേഷിപ്പിച്ചത്. ഇത് മറ്റ് റോഡ് യാത്രക്കാർക്ക് ഭീഷണിയാകുന്നുവെന്നും, മാനുഷികമായ രക്ഷാപ്രവർത്തന ചുമതലകൾ നിർവഹിക്കുന്ന എമർജൻസി വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നുവെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version