
കടകളുടെ മുൻവശത്തെ ട്രേഡ് നെയിം ബോർഡുകൾ സ്ഥാപിക്കുന്നതിൽ പുതിയ നിബന്ധനകൾ ഓർമിപ്പിച്ച് ദുബായ് അധികൃതർ. ദുബായ് സിവിലിറ്റി കമ്മിറ്റിയും ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും (DET) പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രകാരം ഒരു കടയുടെ മുൻവശത്ത് ഒരു ട്രേഡ് നെയിം മാത്രം പ്രദർശിപ്പിക്കാനാണ് അനുമതി. ബോർഡുകൾ തിരശ്ചീനമായി സ്ഥാപിക്കുകയും വേണം.
ദുബായുടെ നഗരസൗന്ദര്യം സംരക്ഷിക്കുന്നതിനും കടകളുടെ മുൻവശത്തെ ബോർഡുകൾക്ക് ഏകീകൃത രൂപം ഉറപ്പാക്കുന്നതിനുമാണ് പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത്. ട്രേഡ് നെയിം ബോർഡുകൾക്കുള്ള പെർമിറ്റുകൾ നൽകുന്നതും സ്ഥാപനങ്ങളിൽ പരിശോധന നടത്തി നിയമപാലനം ഉറപ്പാക്കുന്നതും DET ആയിരിക്കും.
അറബിക് പേര് മുകളിൽ
ബോർഡുകളിൽ അറബിക് ട്രേഡ് നെയിം ഇംഗ്ലിഷിന് മുകളിലായിരിക്കണം. ബോർഡിന്റെ ഉയരം, വീതി, കനം എന്നിവ സ്ഥാപനത്തിന്റെ മുൻവശത്തിന്റെ വലുപ്പത്തിന് ആനുപാതികമായിരിക്കണം. അമിത വലുപ്പത്തിലുള്ള ബോർഡുകൾ സ്ഥാപിക്കാൻ അനുമതിയുണ്ടാകില്ല. ബോർഡിലെ പ്രകാശത്തിനും നിശ്ചിത മാനദണ്ഡങ്ങൾ ബാധകമാണ്. അമിതമായ തെളിച്ചം ഒഴിവാക്കണം. തിളക്കമുള്ള വെള്ള പശ്ചാത്തലവും അനുവദിക്കില്ല.
അനിമേഷൻ ബോർഡുകൾക്കും നിയന്ത്രണം
ട്രേഡ് നെയിം ബോർഡിലെ ഉള്ളടക്കം സ്ഥിരമായിരിക്കണം. വീഡിയോ, അനിമേഷൻ, ചലിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്ന ബോർഡുകൾ അനുവദിക്കില്ല. ഒരു ബോർഡിൽ ഒന്നിലധികം ട്രേഡ് നെയിമുകളോ പരസ്യങ്ങളോ പ്രദർശിപ്പിക്കാനും നിയന്ത്രണമുണ്ട്. കൂടാതെ, ബാൽക്കണികളിലും ഗ്രൗണ്ട് ഫ്ലോറിന് മുകളിലുള്ള ഓഫിസുകൾ, ക്ലിനിക്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പുറംഭാഗങ്ങളിലും ട്രേഡ് നെയിം ബോർഡുകൾ സ്ഥാപിക്കാൻ അനുമതിയില്ല. നഗരത്തിന്റെ ദൃശ്യഭംഗി നിലനിർത്തുന്നതിനും വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ കൂടുതൽ ക്രമബദ്ധമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നത്. വ്യാപാര സ്ഥാപന ഉടമകൾ നിബന്ധനകൾ പാലിച്ച് ആവശ്യമായ അനുമതികൾ നേടിയ ശേഷമേ ബോർഡുകൾ സ്ഥാപിക്കാവൂവെന്നും അധികൃതർ വ്യക്തമാക്കി.