
വേനൽക്കാലത്ത് റോഡപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം വാഹനമോടിക്കുന്നവർക്ക് ആറ് പ്രധാന സുരക്ഷാ നിർദേശങ്ങൾ നൽകി. ‘അപകടരഹിത വേനൽക്കാലം’ ക്യാംപയിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വേനൽക്കാല യാത്രകളിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത വേഗപരിധി പാലിക്കുകയും റോഡ് അടയാളങ്ങളും നിർദേശങ്ങളും കൃത്യമായി പിന്തുടരുകയും വേണം.ഉയർന്ന താപനിലയും മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളും കണക്കിലെടുത്ത് ഡ്രൈവിങ് രീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് ദീർഘദൂര യാത്രകളിൽ ക്ഷീണം ഒഴിവാക്കാൻ ഇടയ്ക്കിടെ വിശ്രമിക്കണം. ക്ഷീണം ഡ്രൈവറുടെ ഏകാഗ്രതയും പ്രതികരണശേഷിയും കുറച്ച് അപകടസാധ്യത വർധിപ്പിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള ശ്രദ്ധതിരിക്കുന്ന പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അശ്രദ്ധമായ ഡ്രൈവിങ് റോഡ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണം. വേനൽക്കാല യാത്രകൾ സുരക്ഷിതമാക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കുകയും ഉത്തരവാദിത്തത്തോടെ വാഹനമോടിക്കുകയും ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ:
- നിശ്ചിത വേഗപരിധി പാലിക്കുക
- റോഡ് അടയാളങ്ങളും ട്രാഫിക് നിർദേശങ്ങളും പിന്തുടരുക
- ഉയർന്ന ചൂടും കാലാവസ്ഥയും കണക്കിലെടുത്ത് ഡ്രൈവിങ് ക്രമീകരിക്കുക
- ദീർഘയാത്രകളിൽ ഇടയ്ക്കിടെ വിശ്രമിക്കുക
- ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുത്
- അശ്രദ്ധ ഒഴിവാക്കി സുരക്ഷിതമായി വാഹനമോടിക്കുക