
യുഎഇയിൽ ഒളിവിൽ കഴിയുകയായിരുന്ന വൻ സാമ്പത്തിക തട്ടിപ്പ് കേസിലെ ഇന്ത്യൻ പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിച്ച് സി.ബി.ഐ. വിശാഖ റാത്തോഡ് എന്ന യുവതിയെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്റർപോൾ എന്നിവയുടെ ഏകോപിത നീക്കത്തിലൂടെ ഈ മാസം മൂന്നിന് ഇന്ത്യയിലെത്തിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച് യുഎഇ അധികൃതർ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല. മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണത്തിലുള്ള കേസിൽ, വിവിധ നിക്ഷേപ പദ്ധതികളുടെ പേരിൽ നിക്ഷേപകരെ വിശ്വസിപ്പിച്ച് വൻതുക കൈക്കലാക്കിയെന്നാണ് വിശാഖയ്ക്കെതിരെയുള്ള ആരോപണം. വിശ്വാസവഞ്ചന, നിക്ഷേപ തട്ടിപ്പ്, ഫണ്ട് ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ നടത്തിയ അന്താരാഷ്ട്ര അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതിയെ കണ്ടെത്തി ഇന്ത്യയിലേക്ക് കൈമാറിയത്. ഇന്ത്യയിലെത്തിച്ച ശേഷം മഹാരാഷ്ട്ര പൊലീസ് വിശാഖയെ പൂണെയിലേക്ക് കൊണ്ടുപോയി തുടർനടപടികൾ സ്വീകരിച്ചു. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും മറ്റ് പ്രതികളുടെ പങ്കും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതികളായ ഒളിവുകാരെ വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിക്കുന്ന നടപടികൾ ഇന്ത്യ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം, വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ നിരവധി സാമ്പത്തിക കുറ്റവാളികളെ ഇതിനകം ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.