ശമ്പളം കിട്ടിയില്ലേ? ജോലി സംബന്ധമായ തർക്കങ്ങൾക്ക് യുഎഇയിൽ ഇനി പരിഹാരം അതിവേഗം!

ശമ്പളം, തൊഴിൽ കരാർ, സേവന ആനുകൂല്യങ്ങൾ, തൊഴിലാളി അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യുഎഇയിലെ വേഗത്തിലുള്ള പരിഹാര സംവിധാനം മികച്ച ഫലം നൽകുന്നതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) അറിയിച്ചു. 2026-ലെ ആദ്യ ആറുമാസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത 1,88,274 തൊഴിൽ തർക്കങ്ങളിൽ 1,85,793 കേസുകൾ, അതായത് 98.6 ശതമാനം, സൗഹാർദപരമായ ഒത്തുതീർപ്പിലൂടെ പരിഹരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. വെറും 2,481 കേസുകൾ (1.4%) മാത്രമാണ് തുടർ നിയമനടപടികൾക്കായി കോടതിയിലേക്ക് കൈമാറിയത്.

തർക്കങ്ങൾ ദീർഘകാല നിയമനടപടികളിലേക്ക് നീങ്ങുന്നതിന് മുമ്പ് തന്നെ പരിഹരിക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ മുന്നോട്ടുപോകാനും നിലവിലെ സംവിധാനം സഹായിക്കുന്നതായി അധികൃതർ അറിയിച്ചു.

50,000 ദിർഹം വരെയുള്ള തർക്കങ്ങളിൽ മന്ത്രാലയത്തിന് നേരിട്ട് തീരുമാനമെടുക്കാം

തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ കൂടുതൽ വേഗത കൈവരിക്കുന്നതിനായി 50,000 ദിർഹം വരെയുള്ള ക്ലെയിമുകളുള്ള കേസുകളിൽ നേരിട്ട് തീരുമാനമെടുക്കാനുള്ള അധികാരം മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. ഇതിലൂടെ കോടതികളുടെ ജോലിഭാരം കുറയുകയും തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ വൈകാതെ ലഭ്യമാകുകയും ചെയ്യുന്നു.

ശമ്പള വിതരണത്തിലെ വീഴ്ചകൾ പ്രധാന കാരണം

തൊഴിൽ തർക്കങ്ങളുടെ പ്രധാന കാരണമായി ശമ്പള വിതരണത്തിലെ കാലതാമസമാണ് തുടരുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. എന്നാൽ, നവീകരിച്ച വേതന സുരക്ഷാ സംവിധാനം (Wage Protection System) വഴി ഇത്തരം വീഴ്ചകൾ നേരത്തേ കണ്ടെത്തി ഇടപെടാൻ കഴിയുന്നതിനാൽ പ്രശ്നങ്ങൾ വലിയ നിയമതർക്കങ്ങളായി മാറുന്നത് തടയാൻ സാധിക്കുന്നതായും വ്യക്തമാക്കി.പരാതി പരിഹാര സംവിധാനവും മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവനങ്ങളുമായി ബന്ധിപ്പിച്ചതിലൂടെ പരാതികൾ വേഗത്തിൽ പരിശോധിക്കാനും നടപടികൾ സ്വീകരിക്കാനും കഴിയുന്നുണ്ടെന്ന് ലേബർ റിലേഷൻസ് വിഭാഗം ഡയറക്ടർ ഡോ. അഹ്മദ് അൽ ഖറ അറിയിച്ചു.

പരാതി നൽകാൻ നിരവധി മാർഗങ്ങൾ

തൊഴിൽ സംബന്ധമായ പരാതികൾ നൽകാനും തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാനും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും 80084 എന്ന ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെടാം. കൂടാതെ MOHREയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും MOHRE UAE സ്മാർട്ട് ആപ്പിലൂടെയും ഓൺലൈനായി പരാതികൾ സമർപ്പിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *