
സമൂഹമാധ്യമങ്ങളിലൂടെയും മെസേജിങ് ആപ്പുകളിലൂടെയും പ്രചരിക്കുന്ന വ്യാജ പാർട്ട് ടൈം ജോലി വാഗ്ദാനങ്ങളിൽ വീഴരുതെന്ന് ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന വാഗ്ദാനവുമായി തട്ടിപ്പുകാർ ആളുകളെ ലക്ഷ്യമിടുന്നതായാണ് അധികൃതരുടെ മുന്നറിയിപ്പ്. തട്ടിപ്പുകാർ സാധാരണയായി ചെറിയ ജോലികൾ ചെയ്ത് വൻ വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ചാണ് ഇരകളെ സമീപിക്കുന്നത്. ആദ്യം ചെറിയ തുക ലഭിക്കുന്നതുപോലെ തോന്നിപ്പിച്ച ശേഷം രജിസ്ട്രേഷൻ ഫീസ്, അക്കൗണ്ട് ആക്ടിവേഷൻ ഫീസ്, നിക്ഷേപം എന്നിവയുടെ പേരിൽ പണം ആവശ്യപ്പെടുകയോ വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ കൈപ്പറ്റാൻ ശ്രമിക്കുകയോ ചെയ്യുന്നതാണ് ഇവരുടെ രീതി. ചില സാഹചര്യങ്ങളിൽ ഇരകളുടെ ബാങ്ക് അക്കൗണ്ടുകൾ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്കായി ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.
നിയമാനുസൃതമായി പ്രവർത്തിക്കുന്ന തൊഴിലുടമകളോ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളോ ജോലി നൽകുന്നതിനായി ഒരിക്കലും അപേക്ഷകരിൽ നിന്ന് ഫീസോ മുൻകൂർ പണമോ ഈടാക്കില്ലെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. അതിനാൽ, ജോലി വാഗ്ദാനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ പ്രതികരിക്കാവൂ എന്നും അധികൃതർ നിർദേശിച്ചു.
തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ദുബായ് പൊലീസിന്റെ നിർദേശങ്ങൾ:
- സമൂഹമാധ്യമങ്ങളിലൂടെയോ മെസേജിങ് ആപ്പുകളിലൂടെയോ ലഭിക്കുന്ന ജോലി വാഗ്ദാനങ്ങൾ പരിശോധിക്കാതെ വിശ്വസിക്കരുത്.
- ജോലി ലഭിക്കുമെന്ന പേരിൽ ആരുടെയും അക്കൗണ്ടിലേക്ക് പണം അയക്കരുത്.
- വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും വിശ്വാസ്യത ഉറപ്പാക്കാത്ത വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ പങ്കിടരുത്.
- സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിലൂടെയും ഔദ്യോഗിക മാർഗങ്ങളിലൂടെയും മാത്രമേ തൊഴിൽ അവസരങ്ങൾ സ്വീകരിക്കാവൂ.
- സംശയാസ്പദമായ ഓഫറുകളോ തട്ടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം.
ഡിജിറ്റൽ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജാഗ്രതയും വിവരങ്ങളുടെ സൂക്ഷ്മ പരിശോധനയുമാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും മികച്ച മാർഗമെന്ന് ദുബായ് പൊലീസ് ആവർത്തിച്ചു.