അവധി കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുന്നവർക്ക് ഷോക്ക്! കുതിച്ചുയർന്ന് യുഎഇ വിമാന ടിക്കറ്റ് നിരക്കുകൾ

വേനലവധിക്ക് ശേഷം സ്കൂളുകൾ വീണ്ടും തുറക്കുന്നതും പ്രവാസികൾ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തുന്നതും മുന്നിൽ കണ്ട് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. ഓഗസ്റ്റിന്റെ അവസാന ആഴ്ചയിലേക്കുള്ള ബുക്കിംഗുകളിൽ ചില പ്രധാന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയായതായി ട്രാവൽ മേഖലയിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സർവീസുകളിലാണ് ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് കേരളം, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കിടയിലെ വർധിച്ച ആവശ്യകതയാണ് നിരക്ക് ഉയരാൻ പ്രധാന കാരണം. ഏറ്റവും വലിയ വർധന ബെംഗളൂരു–ദുബായ് റൂട്ടിലാണ്. ഓഗസ്റ്റ് 13-ന് 828 ദിർഹമായിരുന്ന ഇൻഡിഗോ ടിക്കറ്റ് ഓഗസ്റ്റ് 30-ഓടെ 1,694 ദിർഹമായി ഉയർന്നു. അതായത്, വെറും രണ്ടാഴ്ചക്കിടെ നിരക്ക് ഇരട്ടിയിലേറെയായി.

കൊച്ചി–ദുബായ് റൂട്ടിലും സമാനമായ വർധനയാണ് ഉണ്ടായത്. 1,424 ദിർഹമായിരുന്ന ടിക്കറ്റ് 2,943 ദിർഹം വരെ ഉയർന്നു. മറ്റ് വിമാനക്കമ്പനികളിലും നിരക്ക് 1,098 ദിർഹത്തിൽ നിന്ന് 1,887 ദിർഹം വരെയായി വർധിച്ചിട്ടുണ്ട്.

കോഴിക്കോട്–യുഎഇ റൂട്ടിൽ ടിക്കറ്റ് നിരക്ക് 1,174 ദിർഹത്തിൽ നിന്ന് 1,956 മുതൽ 2,022 ദിർഹം വരെയായി ഉയർന്നു. ഹൈദരാബാദ്–ദുബായ് റൂട്ടിൽ 857 ദിർഹമായിരുന്നത് 1,321 ദിർഹമായും, മുംബൈ–ദുബായ് റൂട്ടിൽ 780 ദിർഹത്തിൽ നിന്ന് 1,095 ദിർഹമായും വർധിച്ചു.

ഡൽഹി–യുഎഇ റൂട്ടിൽ നിരക്ക് 877 ദിർഹത്തിൽ നിന്ന് 1,167 ദിർഹമായി ഉയർന്നപ്പോൾ, ബെയ്റൂട്ട്–യുഎഇ റൂട്ടിൽ 831 ദിർഹമായിരുന്നത് 1,423 ദിർഹമായി. കെയ്റോ–യുഎഇ റൂട്ടിൽ ചെറിയ തോതിലുള്ള വർധന മാത്രമാണ് രേഖപ്പെടുത്തിയത്.

അതേസമയം, എല്ലാ റൂട്ടുകളിലും നിരക്ക് ഉയർന്നിട്ടില്ല. കരാച്ചി–യുഎഇ റൂട്ടിൽ ടിക്കറ്റ് നിരക്ക് 919 ദിർഹത്തിൽ നിന്ന് 792 ദിർഹമായും, ലാഹോർ–യുഎഇ റൂട്ടിൽ 1,226 ദിർഹത്തിൽ നിന്ന് 1,062 ദിർഹമായും കുറഞ്ഞു. ന്യൂയോർക്ക്–ദുബായ് നേരിട്ടുള്ള സർവീസുകളുടെ നിരക്ക് ഏകദേശം 2,880 ദിർഹത്തിൽ സ്ഥിരത പുലർത്തി. ലണ്ടനിൽ നിന്ന് യുഎഇയിലേക്കുള്ള നേരിട്ടുള്ള സർവീസുകൾക്ക് ഉയർന്ന നിരക്കാണെങ്കിലും, കണക്റ്റിങ് വിമാനങ്ങളിൽ 797 ദിർഹം മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ട്രാവൽ രംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തിൽ, കൊച്ചി, കോഴിക്കോട്, മംഗളൂരു, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാർ ഇപ്പോൾ കൂടുതലാണ്. അതിനാൽ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 5 വരെ ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും, സെപ്റ്റംബർ 10ന് ശേഷം ആവശ്യകത കുറയുന്നതോടെ നിരക്കുകൾ ക്രമേണ സാധാരണ നിലയിലാകുമെന്നും വിലയിരുത്തുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *