“പാർക്കിലെ ബെഞ്ചിൽ ഉറങ്ങുകയാണെന്ന് കരുതി…ഒടുവിൽ അറിഞ്ഞത് ഒരു പ്രവാസിയുടെ അവസാന യാത്ര; ഏഴ് വർഷം യുഎഇയിലെ തെരുവിൽ; ‘വാപ്പയെ കാണണം’ എന്ന് കണ്ണീരോടെ മകൾ

ഏഴ് വർഷമായി നാട്ടിലേക്ക് മടങ്ങാതെയും കുടുംബവുമായി ബന്ധമില്ലാതെയും ഷാർജയിലെ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കഴിയുകയായിരുന്ന മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ (54) ആണ് മരിച്ചത്. ഓഗസ്റ്റ് 3 വൈകിട്ട് അഞ്ചോടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. പാർക്കിൽ പതിവുപോലെ വിശ്രമിക്കുകയാണെന്നാണ് ആദ്യം ആളുകൾ കരുതിയത്. രാത്രി ഒൻപത് മണിയോടെയാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആംബുലൻസിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

26 വർഷത്തെ പ്രവാസം, ഒടുവിൽ ഏകാന്തജീവിതം

26 വർഷങ്ങൾക്ക് മുമ്പ് സൗദി അറേബ്യയിലെത്തിയ ഷാജഹാൻ ഡ്രൈവറായി പത്ത് വർഷത്തോളം ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഏഴ് വർഷം മുൻപ് വീണ്ടും യുഎഇയിലെത്തി. എന്നാൽ വിദേശത്തായിരുന്ന കാലത്തുടനീളം കുടുംബവുമായി അദ്ദേഹം ബന്ധം പുലർത്തിയിരുന്നില്ല. മകൾ തസ്നിമിന്റെയും മകൻ ആഷിഖിന്റെയും വിവാഹച്ചടങ്ങുകളിൽ പോലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
അടുത്ത കാലത്തായി ഷാർജയിലെ സൗദി പള്ളിക്ക് സമീപമുള്ള അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിലായിരുന്നു ഷാജഹാന്റെ ജീവിതം. പള്ളിയിൽ നിന്ന് ലഭിക്കുന്ന സഹായങ്ങളും കാരുണ്യത്തോടെ ആളുകൾ നൽകുന്ന ഭക്ഷണവുമായിരുന്നു ആശ്രയം. കടുത്ത പ്രമേഹരോഗം ഉണ്ടായിരുന്നെങ്കിലും ചികിത്സയോ മരുന്നുകളോ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ലെന്ന് പരിചയക്കാർ പറയുന്നു.

സാമൂഹിക പ്രവർത്തകയുടെ ഇടപെടലിലൂടെ പുറത്തുവന്ന ജീവിതകഥ

ഷാർജയിൽ ജോലി ചെയ്യുന്ന സാമൂഹിക പ്രവർത്തക മായയാണ് ഷാജഹാന്റെ ജീവിതത്തിലെ ദുരവസ്ഥ തിരിച്ചറിഞ്ഞവരിൽ ഒരാൾ. വിശന്ന് അവശനായിരുന്ന ഷാജഹാനെ കണ്ടാണ് ആദ്യം ഭക്ഷണം നൽകിയത്. പിന്നീട് പലതവണ ഭക്ഷണവും സഹായങ്ങളും എത്തിച്ചുനൽകി. ആരോടും സ്വകാര്യ കാര്യങ്ങൾ പറയാൻ മടിച്ചിരുന്ന ഷാജഹാൻ ഒരിക്കൽ ഭാര്യ ഷൈലജയുടെ ഫോൺ നമ്പർ മായയ്ക്ക് കൈമാറി. തുടർന്ന് നാട്ടിലേക്ക് വിളിച്ചപ്പോഴാണ് വർഷങ്ങളായി ഭർത്താവിൽ നിന്ന് യാതൊരു വിവരവുമില്ലാതെ കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയാണെന്ന യാഥാർഥ്യം പുറത്തുവന്നത്. യുഎഇ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്ന ഷാജഹാനോട് വീണ്ടും ജോലി ചെയ്ത് കുടുംബത്തെ സഹായിക്കണമെന്ന് മായ അഭ്യർഥിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. അതിനുശേഷം മായയെ കാണാതിരിക്കാൻ അദ്ദേഹം മനഃപൂർവം മാറിനടന്നിരുന്നുവെന്നും അവർ പറയുന്നു.

മൃതദേഹം തിരിച്ചറിഞ്ഞത് പഴയ ഫോൺ നമ്പർ വഴി

പാർക്കിൽ ഒരു മലയാളി മരിച്ചതായി അറിഞ്ഞതോടെ മായയ്ക്ക് സംശയം തോന്നി. നേരത്തെ ലഭിച്ചിരുന്ന കുടുംബത്തിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പാസ്‌പോർട്ട് പകർപ്പും പഴയ ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് മരിച്ചത് ഷാജഹാൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

“വാപ്പയുടെ മുഖം അവസാനമായി ഒന്ന് കാണണം”

മരണവിവരം അറിഞ്ഞതുമുതൽ മകൾ തസ്നിം കടുത്ത ദുഃഖത്തിലാണ്. ഏഴ് വർഷം മുമ്പാണ് അവസാനമായി വാപ്പയെ കണ്ടതെന്നും പിന്നീട് ഒരിക്കൽ പോലും സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കുടുംബം പറയുന്നു.
“ഞാനദ്ദേഹത്തിന്റെ മകളല്ലേ… അവസാനമായി വാപ്പയുടെ മുഖം ഒന്ന് കാണണം. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റും സഹായിക്കണം” — തസ്നിമിന്റെ ഈ അഭ്യർഥന ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *