വ്യൂസിനും ലൈക്കിനുമായി അതിരുവിട്ടാൽ പണി ഉറപ്പ്! യുഎഇയിൽ ലൈവ് സ്ട്രീമിന് പിന്നാലെ കർശന നടപടി

സോഷ്യൽ മീഡിയ ലൈവ് സ്ട്രീമിംഗിനിടെ യുഎഇയുടെ സംസ്കാരത്തെയും സാമൂഹിക മൂല്യങ്ങളെയും അവഹേളിക്കുന്ന തരത്തിൽ ഉള്ളടക്കം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ യുഎഇ നാഷനൽ മീഡിയ അതോറിറ്റി (NMA) നിയമനടപടി സ്വീകരിച്ചു. ഇതിൽ ഒരാളുടെ പബ്ലിസിറ്റി പെർമിറ്റ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തതായും അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് നടപടി സംബന്ധിച്ച വിവരം അറിയിച്ചത്. രാജ്യത്തിന്റെ ദേശീയ വ്യക്തിത്വത്തിനും പാരമ്പര്യത്തിനും പൊതു മൂല്യങ്ങൾക്കും വിരുദ്ധമായ ഉള്ളടക്കമാണ് ലൈവ് സ്ട്രീമിലൂടെ പ്രചരിപ്പിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.

വ്യൂസിനും ലൈക്കിനുമായി നിയമലംഘനം അനുവദിക്കില്ല

കൂടുതൽ വ്യൂസും ലൈക്കും നേടുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് നാഷനൽ മീഡിയ അതോറിറ്റി മുന്നറിയിപ്പ് നൽകി. സമൂഹത്തിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതോ ദേശീയ മൂല്യങ്ങളെയും സാമൂഹിക ഐക്യത്തെയും ബാധിക്കുന്നതോ ആയ ഉള്ളടക്കങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

സോഷ്യൽ മീഡിയ ഉപയോഗത്തിൽ ജാഗ്രത വേണമെന്ന് വിദഗ്ധർ

സാധാരണയായി പങ്കുവയ്ക്കുന്ന ഒരു പോസ്റ്റോ കമന്റോ പോലും യുഎഇയുടെ മാധ്യമ ചട്ടങ്ങൾ ലംഘിക്കുന്നതാണെങ്കിൽ ഗുരുതരമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎഇയിലെ സൈബർ നിയമങ്ങൾ പ്രകാരം ഓൺലൈൻ അപകീർത്തിപ്പെടുത്തൽ, വ്യാജവാർത്ത പ്രചരണം, സാമൂഹിക ഐക്യത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവയ്ക്ക് കർശന ശിക്ഷയാണ് നിലവിലുള്ളത്. കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് അഞ്ച് ലക്ഷം ദിർഹം വരെ പിഴ, തടവുശിക്ഷ, കൂടാതെ പ്രവാസികളാണെങ്കിൽ നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാം. ഓൺലൈൻ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നത് പ്രധാനമായും മീഡിയ റെഗുലേഷൻ ലോയും കംബാറ്റിങ് റൂമേഴ്‌സ് ആൻഡ് സൈബർക്രൈംസ് ലോയുമാണ്.

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട പ്രധാന കാര്യങ്ങൾ

  • യുഎഇയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കുക.
  • മതവിശ്വാസങ്ങളെയും സാമൂഹിക മൂല്യങ്ങളെയും അപമാനിക്കുന്ന ഉള്ളടക്കങ്ങൾ ഒഴിവാക്കുക.
  • ദേശീയ ഐക്യത്തെയും പൊതുസമാധാനത്തെയും ബാധിക്കുന്ന പോസ്റ്റുകൾ പങ്കുവയ്ക്കരുത്.
  • ഭരണസംവിധാനത്തെയും രാജ്യത്തെ നിയമങ്ങളെയും ബഹുമാനിക്കുക.
  • വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്ന അഭിപ്രായങ്ങൾ ഒഴിവാക്കുക.
  • വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത്.
  • മറ്റുള്ളവരുടെ സ്വകാര്യത മാനിച്ച് നിയമപരമായ ചട്ടങ്ങൾ പാലിക്കുക.

സോഷ്യൽ മീഡിയ ഉപയോഗത്തിൽ ഉത്തരവാദിത്തവും നിയമബോധവും പുലർത്തണമെന്ന് നാഷനൽ മീഡിയ അതോറിറ്റി വീണ്ടും ഓർമ്മിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *