
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് ശൃംഖലകളെ ചെറുക്കാൻ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തി ദുബായ് പൊലീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രത്യേക സെമിനാറിൽ വിവിധ രാജ്യങ്ങളിലെ നിയമപാലന ഏജൻസികളും വിദഗ്ധരും പങ്കെടുത്ത് ഡിജിറ്റൽ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പുതിയ തന്ത്രങ്ങളും പ്രതിരോധ മാർഗങ്ങളും ചർച്ച ചെയ്തു. ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ദുബായ് പൊലീസിന്റെ ഹ്യൂമൻ റൈറ്റ്സ് വിഭാഗത്തിന് കീഴിലുള്ള ഹ്യൂമൻ ട്രാഫിക്കിങ് ക്രൈം മോണിറ്ററിങ് സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ, ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾ, വ്യാജ കോൾ സെന്ററുകൾ, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ വഴി നടക്കുന്ന മനുഷ്യക്കടത്ത് പ്രവർത്തനങ്ങൾ എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളായി.
അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് ബിൻ ആബിദ് അൽ മുഹൈരി, യുഎൻ പ്രതിനിധി ഡോ. മുഹന്നദ് ഫായസ് അൽ ദ്വൈകത്, ബ്രിഗേഡിയർ ഫൈസൽ അഹമ്മദ് അൽ ഖുമൈരി എന്നിവർക്കൊപ്പം ജുഡീഷ്യറി, സുരക്ഷാ ഏജൻസികൾ, നിയമവിദഗ്ധർ എന്നിവരും സെമിനാറിൽ പങ്കെടുത്തു. നിർമിതബുദ്ധി (AI), സമൂഹമാധ്യമങ്ങൾ, ഡിജിറ്റൽ സാമ്പത്തിക ശൃംഖലകൾ എന്നിവ ഉപയോഗിച്ച് ഇരകളെ കണ്ടെത്താനും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ മറച്ചുവയ്ക്കാനും കുറ്റവാളികൾ കൂടുതൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതായി മേജർ ജനറൽ സെയ്ഫ് ബിൻ ആബിദ് അൽ മുഹൈരി വ്യക്തമാക്കി.
ഇത്തരം സങ്കീർണ കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ രാജ്യങ്ങൾ തമ്മിലുള്ള വിവരപങ്കിടലും ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനപ്പെടുത്തലും നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ നയം മികച്ച രീതിയിൽ മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ തൊഴിൽ വാഗ്ദാനങ്ങളിലൂടെ ആളുകളെ കുടുക്കുന്നതും ഓൺലൈൻ തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് ഇരകളെ എത്തിച്ച് ചൂഷണം ചെയ്യുന്നതും തടയാൻ യുഎഇ സ്വീകരിച്ച നടപടികളെ യുഎൻ പ്രതിനിധി ഡോ. മുഹന്നദ് അൽ ദ്വൈകത് അഭിനന്ദിച്ചു.
സെമിനാറിന്റെ ഭാഗമായി സൈബർ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും തമ്മിലുള്ള ബന്ധം, കുറ്റവാളികളുടെ ഡിജിറ്റൽ സ്വത്തുക്കൾ കണ്ടെത്തി മരവിപ്പിക്കുന്ന നടപടികൾ, വിവിധ സുരക്ഷാ-സാമ്പത്തിക ഏജൻസികൾ തമ്മിലുള്ള ഏകോപനം എന്നിവ വിഷയങ്ങളാക്കി വിദഗ്ധരുടെ പാനൽ ചർച്ചയും നടന്നു. മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ വിവിധ പങ്കാളിത്ത സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t