ബെഡ്‌സ്‌പേസ് താമസക്കാർ ശ്രദ്ധിക്കുക! ദുബായിൽ പുതിയ നിയമം; സബ് ലെറ്റിങ്ങിന് വിലക്ക്, ലംഘിച്ചാൽ ലക്ഷങ്ങളുടെ പിഴ

ദുബായിൽ ഷെയറിങ് ഫ്ലാറ്റുകൾ, ബെഡ് സ്പേസുകൾ, പാർട്ടിഷൻ താമസസൗകര്യങ്ങൾ എന്നിവയ്ക്ക് ഇനി കൂടുതൽ കർശന നിയന്ത്രണം. നഗരത്തിലെ പങ്കിട്ട താമസസൗകര്യങ്ങൾ സുരക്ഷിതവും ക്രമബദ്ധവുമാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ വാടകക്കാർക്കും കെട്ടിട ഉടമകൾക്കും മാനേജ്മെന്റ് സ്ഥാപനങ്ങൾക്കും പുതിയ ചട്ടങ്ങൾ പാലിക്കേണ്ടതായി വരും.
പുതിയ നിയമം പ്രകാരം, ദുബായ് മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ ഒരു വീടോ ഫ്ലാറ്റോ ഷെയറിങ് താമസസൗകര്യമായി ഉപയോഗിക്കാൻ അനുവദിക്കില്ല. കെട്ടിട സുരക്ഷ, അഗ്നിസുരക്ഷ, ശുചിത്വം, ആരോഗ്യ മാനദണ്ഡങ്ങൾ, പരമാവധി താമസക്കാരുടെ എണ്ണം, ഓരോ താമസക്കാരനും ലഭിക്കേണ്ട കുറഞ്ഞ ഇടം എന്നിവ ഉൾപ്പെടെയുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ മാത്രമേ പെർമിറ്റ് ലഭിക്കൂ.

പെർമിറ്റിന്റെ കാലാവധി ഒരു വർഷമായിരിക്കും. ഉടമയുടെ അപേക്ഷ പ്രകാരം ഇത് രണ്ട് വർഷത്തേക്ക് നീട്ടാനും കഴിയും. എല്ലാ ഷെയറിങ് യൂണിറ്റുകളുടെയും വിവരങ്ങൾ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ഇലക്ട്രോണിക് രജിസ്ട്രിയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. വാടക കരാറുകൾ, താമസക്കാരുടെ വിവരങ്ങൾ, യൂണിറ്റിന്റെ വിശദാംശങ്ങൾ എന്നിവയും ഈ സംവിധാനത്തിൽ രേഖപ്പെടുത്തേണ്ടതാണ്.
പുതിയ നിയമപ്രകാരം ഉടമയോ അംഗീകൃത സ്ഥാപനമോ മാത്രമേ ഷെയറിങ് താമസസൗകര്യം വാടകയ്ക്ക് നൽകാൻ കഴിയൂ. വാടകയ്ക്ക് താമസിക്കുന്നവർക്ക് മുറിയോ ഫ്ലാറ്റിന്റെ ഭാഗമോ മറ്റൊരാൾക്ക് വീണ്ടും സബ്‌ലെറ്റ് ചെയ്യാൻ അനുവാദമുണ്ടാകില്ല. അനധികൃത ബെഡ് സ്പേസുകളും നിയമവിരുദ്ധ പാർട്ടിഷൻ സംവിധാനങ്ങളും നിയന്ത്രിക്കുന്നതും പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

നിയമലംഘനങ്ങൾക്ക് 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ അതേ ലംഘനം വീണ്ടും ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കി പരമാവധി 10 ലക്ഷം ദിർഹം വരെ ഈടാക്കാൻ അധികാരികൾക്ക് കഴിയും. കൂടാതെ ലൈസൻസ് റദ്ദാക്കൽ, പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കൽ, പൊതുസേവനങ്ങൾ വിച്ഛേദിക്കൽ, നിയമവിരുദ്ധ താമസസൗകര്യങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കൽ തുടങ്ങിയ നടപടികളും സ്വീകരിക്കാം. പുതിയ നിയമം സ്വകാര്യ വികസന മേഖലകളിലും ഫ്രീ സോണുകളിലും ഉൾപ്പെടെ ദുബായിലെ എല്ലാ ഷെയറിങ് താമസസൗകര്യങ്ങൾക്കും ബാധകമാണ്. എന്നാൽ തൊഴിലാളികൾക്കായി പ്രത്യേകമായി ഒരുക്കിയ ലേബർ ക്യാംപുകൾ ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല. നിലവിൽ പ്രവർത്തിക്കുന്ന ഷെയറിങ് താമസസൗകര്യങ്ങൾക്കും പുതിയ ചട്ടങ്ങൾ പാലിക്കാൻ നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version