
Abu Dhabi Housing Loan; അബുദാബിയിലെ സ്വദേശി പൗരന്മാർക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമി വിഭജിച്ച് വീട് നിർമ്മിക്കുന്നതിനായി 17.5 ലക്ഷം ദിർഹം വരെ ഭവന വായ്പ നൽകുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. കുടുംബ ഭദ്രത ഉറപ്പുവരുത്തുന്നതിനും സാമൂഹികമായ ഒത്തൊരുമ വർദ്ധിപ്പിക്കുന്നതിനുമായി അബുദാബി ഹൗസിംഗ് അതോറിറ്റിയും ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടും (DMT) ചേർന്നാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം കൃഷിഭൂമി ഉടമകളായ സ്വദേശികൾക്ക് തങ്ങളുടെ പ്ലോട്ടുകൾ മക്കൾക്കോ പേരക്കുട്ടികൾക്കോ വീട് നിർമ്മിക്കുന്നതിനായി വിഭജിച്ചു നൽകാൻ സാധിക്കും. അർഹരായ ഗുണഭോക്താക്കൾക്ക് 17.5 ലക്ഷം ദിർഹം വായ്പ ലഭിക്കുന്നതിനൊപ്പം നിബന്ധനകൾക്ക് വിധേയമായി 2.5 ലക്ഷം ദിർഹത്തിന്റെ ഗ്രാന്റും അനുവദിക്കും. മാസ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചടക്കാവുന്ന വായ്പയായോ അല്ലെങ്കിൽ തിരിച്ചടവ് നീട്ടിവെക്കാവുന്ന രീതിയിലോ ഈ സാമ്പത്തിക സഹായം പ്രയോജനപ്പെടുത്താം. യുഎഇയുടെ ‘ഫാമിലി ഇയർ’ ലക്ഷ്യങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി സ്വദേശി കുടുംബങ്ങൾക്കിടയിലെ ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്ന് അബുദാബി ഹൗസിംഗ് അതോറിറ്റി ഡയറക്ടർ ജനറൽ ഹമദ് ഹരേബ് അൽ മുഹൈരി വ്യക്തമാക്കി. അർഹരായ സ്ത്രീ ബന്ധുക്കൾക്കും ഭാര്യമാർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്തുന്ന കാര്യം അതോറിറ്റി പരിഗണിക്കും. നിലവിൽ സജീവമല്ലാത്ത ഭവന വായ്പകളോ ഭൂമി ഗ്രാന്റുകളോ ഉള്ളവർ അവ റദ്ദാക്കിയാൽ മാത്രമേ ഈ പുതിയ ആനുകൂല്യം ലഭിക്കുകയുള്ളൂ. വിഭജിച്ച ഭൂമി പൗരന്റെ പേരിൽ റെസിഡൻഷ്യൽ പ്ലോട്ടായി രജിസ്റ്റർ ചെയ്യും. ആദ്യ ഘട്ടത്തിൽ അൽ റഹ്ബ, അൽ ബഹിയ, അൽ സംഹ എന്നീ പ്രദേശങ്ങളിലെ കൃഷിഭൂമികൾക്കാണ് ഈ സേവനം ലഭ്യമാകുക. ഭൂമി നിയമതടസ്സങ്ങളില്ലാത്തതാകണമെന്നും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങളും അപേക്ഷാ നടപടിക്രമങ്ങളും ഈ വർഷം അവസാനത്തോടെ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വളരെ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനാണ് ഹൗസിംഗ് അതോറിറ്റി ലക്ഷ്യമിടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t