ഗോൾഡൻ വിസയ്ക്ക് പിന്നാലെ ജോലി നഷ്ടപ്പെട്ടു; നഷ്ടപരിഹാരം ആവശ്യപ്പെട്ട ജീവനക്കാരന് തിരിച്ചടി

അന്യായമായി ജോലി അവസാനിപ്പിച്ചതിലൂടെ സാമ്പത്തിക നഷ്ടമുണ്ടായെന്ന് ആരോപിച്ച് തൊഴിലുടമയിൽ നിന്ന് Dh100,000 നഷ്ടപരിഹാരം ആവശ്യപ്പെട്ട ജീവനക്കാരന്റെ ഹർജി അബുദാബി കോടതി തള്ളി.
2024 ജൂലൈ 11-ന് രണ്ട് വർഷത്തെ തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിലാണ് താൻ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചതെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. 2025 ഓഗസ്റ്റിൽ യുഎഇ ഗോൾഡൻ വിസ ലഭിച്ചതിനെ തുടർന്ന്, പുതിയ വിസ നടപടികൾ പൂർത്തിയാക്കുന്നതിനായി നിലവിലെ തൊഴിൽ കരാർ, റെസിഡൻസി വിസ, വർക്ക് പെർമിറ്റ് എന്നിവ താൽക്കാലികമായി റദ്ദാക്കേണ്ടിവന്നതായും അദ്ദേഹം വിശദീകരിച്ചു. ഗോൾഡൻ വിസ ലഭിച്ച ശേഷം പുതിയ തൊഴിൽ കരാറും വർക്ക് പെർമിറ്റും നൽകാമെന്ന് കമ്പനി ഉറപ്പ് നൽകിയിരുന്നുവെന്നാണ് ജീവനക്കാരന്റെ വാദം. എന്നാൽ പിന്നീട് യുഎഇയുടെ ഇൻവോളന്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് (ILOE) ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അപേക്ഷിച്ചപ്പോഴാണ്, 2025 ഓഗസ്റ്റ് 11-ന് തന്നെ തൊഴിൽ കരാർ അവസാനിപ്പിച്ചെന്നും പുതിയ കരാർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അറിയുന്നത്. ഇതുമൂലം ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാതെ പോയെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഇതിനൊപ്പം, Dh45,975 ശമ്പളമുള്ള സൗദി അറേബ്യയിലെ ഒരു തൊഴിൽ അവസരവും നഷ്ടമായെന്നും, രണ്ട് വർഷത്തെ തൊഴിൽ കരാർ പാലിക്കാതെ സാധുവായ കാരണമില്ലാതെ കമ്പനി ജോലി അവസാനിപ്പിച്ചതിനാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും ആരോപിച്ച് Dh100,000 നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. എന്നാൽ കമ്പനി എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തൊഴിൽബന്ധം അവസാനിപ്പിച്ചത് യുഎഇ തൊഴിൽ നിയമപ്രകാരമാണെന്നും, ആവശ്യമായ എഴുത്തുപരമായ നോട്ടീസ് നൽകിയതായും, നോട്ടീസ് കാലാവധിയും ജീവനക്കാരൻ പൂർത്തിയാക്കിയതായും കമ്പനി കോടതിയിൽ അറിയിച്ചു. വാദങ്ങളും രേഖകളും പരിശോധിച്ച അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ജീവനക്കാരന്റെ ഹർജി തള്ളുകയായിരുന്നു.

ഗോൾഡൻ വിസ ലഭിച്ചതിന് ശേഷം പുതിയ തൊഴിൽ കരാർ നൽകാമെന്ന ധാരണ ഉണ്ടായിരുന്നുവെന്നോ, അത് ലംഘിച്ചതിലൂടെ യഥാർത്ഥ സാമ്പത്തിക നഷ്ടമുണ്ടായെന്നോ തെളിയിക്കാൻ ജീവനക്കാരന് കഴിഞ്ഞില്ല എന്ന് കോടതി വ്യക്തമാക്കി. അതിനാൽ നഷ്ടപരിഹാരം അനുവദിക്കാൻ നിയമപരമായ അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ, ഗോൾഡൻ വിസ നടപടികൾക്കായി തൊഴിൽ കരാറും വർക്ക് പെർമിറ്റും റദ്ദാക്കാൻ ഇരുകക്ഷികളും പരസ്പര ധാരണയിലെത്തിയിരുന്നുവെന്ന് ജീവനക്കാരൻ തന്നെ സമ്മതിച്ചതായി കോടതി ചൂണ്ടിക്കാട്ടി. അതിനാൽ കരാർ റദ്ദാക്കിയത് കമ്പനിയുടെ അന്യായ നടപടിയാണെന്ന് വിലയിരുത്താനാകില്ലെന്നും കോടതി പറഞ്ഞു.

സൗദി അറേബ്യയിലെ ജോലി നഷ്ടപ്പെട്ടെന്ന അവകാശവാദത്തിനും, ILOE ഇൻഷുറൻസ് ആനുകൂല്യം നഷ്ടപ്പെടാൻ കമ്പനി ഉത്തരവാദിയാണെന്ന വാദത്തിനും ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ ജീവനക്കാരന് കഴിഞ്ഞില്ലെന്നും കോടതി കണ്ടെത്തി. ഇതോടെ Dh100,000 നഷ്ടപരിഹാര ഹർജി തള്ളിയ കോടതി, കേസിന്റെ കോടതി ചെലവും ജീവനക്കാരൻ തന്നെ വഹിക്കണമെന്ന് ഉത്തരവിട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *