യുഎഇയിൽ ഉപേക്ഷിക്കപ്പെട്ട വളർത്തുമൃഗങ്ങൾക്ക് പുതിയ അഭയകേന്ദ്രം 


ദുബായ് മുനിസിപ്പാലിറ്റി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ദുബായ് അനിമൽ വെൽഫെയർ ഷെൽട്ടർപ്രവർത്തനം ആരംഭിച്ചു. ഉപേക്ഷിക്കപ്പെട്ടതോ പരിക്കേറ്റതോ രോഗബാധിതമായതോ ആയ വളർത്തുമൃഗങ്ങൾക്ക് സംരക്ഷണവും ചികിത്സയും പുനരധിവാസവും നൽകി അവയ്ക്ക് പുതിയ കുടുംബങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.  വളർത്തുമൃഗങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ഓൺലൈൻ പ്ലാറ്റ്‌ഫോമും മുനിസിപ്പാലിറ്റി അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമായ മൃഗങ്ങളുടെ ആരോഗ്യനില, സ്വഭാവ സവിശേഷതകൾ തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച ശേഷം അനുയോജ്യമായ വളർത്തുമൃഗത്തെ തിരഞ്ഞെടുക്കാൻ സാധിക്കും. 

മൃഗങ്ങളുടെ സമഗ്ര പരിപാലനത്തിനായി പൂർണസജ്ജമായ വെറ്ററിനറി ക്ലിനിക്, ശസ്ത്രക്രിയാ വിഭാഗം, ഗ്രൂമിങ് യൂണിറ്റ്, ദത്തെടുക്കുന്നതിന് മുമ്പ് മൃഗങ്ങളുമായി പരിചയപ്പെടാനുള്ള പ്രത്യേക സൗകര്യം, കാണാതായ വളർത്തുമൃഗങ്ങളെ ഉടമകളുമായി വീണ്ടും ഒന്നിപ്പിക്കുന്ന കേന്ദ്രം എന്നിവയും ഷെൽട്ടറിന്റെ ഭാഗമാണ്. 

തെരുവുമൃഗങ്ങളുടെ എണ്ണം കുറയ്ക്കുകയും ഉത്തരവാദിത്തമുള്ള വളർത്തുമൃഗ പരിപാലനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനൊപ്പം തെരുവുപൂച്ചകൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ സംരക്ഷണത്തിനായി പിടികൂടൽ–വന്ധ്യംകരണം–വാക്സിനേഷൻ–തിരികെ വിടൽ (Trap–Neuter–Vaccinate–Return) പദ്ധതി ദുബായ് മുനിസിപ്പാലിറ്റി തുടർന്നും നടപ്പാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *