കുവൈത്തിലേക്കുള്ള വിദേശ വിമാന സർവീസുകൾ വീണ്ടും പ്രതിസന്ധിയിൽ; നിരവധി സർവീസുകൾ റദ്ദാക്കി



കുവൈത്തിലേക്കും തിരിച്ചുമുള്ള വിദേശ വിമാന കമ്പനികളുടെ സർവീസുകൾ വീണ്ടും പ്രതിസന്ധിയിലായതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നിരവധി വിദേശ വിമാന കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.

കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഏക സർവീസായ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഇന്നത്തെ വിമാനം റദ്ദാക്കിയതായി യാത്രക്കാർക്ക് കമ്പനി അറിയിപ്പ് നൽകി. വിമാനത്താവളത്തിലെ നിയന്ത്രണങ്ങളാണ് സർവീസ് റദ്ദാക്കാൻ കാരണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിച്ചു.

ഇതിന് സമാനമായി മറ്റു നിരവധി വിദേശ വിമാന കമ്പനികളും കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിലേക്കുള്ള സർവീസുകൾ റദ്ദാക്കുകയോ സർവീസുകളുടെ എണ്ണം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. നിലവിൽ കുവൈത്തിന്റെ ദേശീയ വിമാന കമ്പനികളായ കുവൈത്ത് എയർവെയ്സും ജസീറ എയർവെയ്സും മാത്രമാണ് മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം സർവീസുകൾ തുടരുന്നത്.

പശ്ചിമേഷ്യയിൽ വീണ്ടും രൂക്ഷമായ യുദ്ധസാഹചര്യം രൂപപ്പെട്ടതാണ് വിദേശ വിമാന കമ്പനികൾ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കാരണമെന്നാണ് സൂചന. ഇതോടെ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ വിമാന കമ്പനികളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ ആശങ്കയിലാണ്.

അതേസമയം, പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളുടെ വ്യോമപാതകൾ വരും ദിവസങ്ങളിൽ അടയ്ക്കപ്പെടാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് യു.എസ്. അധികൃതർ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *