Uae Drug Addiction Recovery മയക്കുമരുന്നിനും മറ്റ് ലഹരി പദാർത്ഥങ്ങൾക്കും അടിമപ്പെട്ടവർക്ക് ശിക്ഷയെ ഭയക്കാതെ പുതിയ ജീവിതത്തിലേക്ക് മടങ്ങിവരാൻ വിപ്ലവകരമായ പദ്ധതിയുമായി യുഎഇ. നാഷണൽ ഡ്രഗ് എൻഫോഴ്സ്‌മെന്റ് അതോറിറ്റി ആരംഭിച്ച ‘ഹിസ്ൻ’ എന്ന ഹോട്ട്‌ലൈൻ സേവനത്തിലൂടെ പ്രവാസികൾക്കും സ്വദേശികൾക്കും 24 മണിക്കൂറും ചികിത്സയും പുനരധിവാസ സഹായവും ലഭിക്കും. 80044 എന്ന ടോൾ ഫ്രീ നമ്പറിലൂടെ ലഭ്യമാകുന്ന ഈ സേവനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, സഹായം തേടുന്നവർക്ക് ലഭിക്കുന്ന നിയമപരിരക്ഷയാണ്. ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായി കാണാതെ, വൈദ്യസഹായം ആവശ്യമായ വ്യക്തികളായി പരിഗണിക്കുന്ന പുതിയ നിയമവ്യവസ്ഥയുടെ ഭാഗമായാണ് ഈ നടപടി. ലഹരിമുക്തി തേടി സ്വമേധയാ മുന്നോട്ടുവരുന്നവർക്കോ അല്ലെങ്കിൽ അവരുടെ ബന്ധുക്കൾ മുഖേന ചികിത്സയ്ക്ക് തയ്യാറാകുന്നവർക്കോ എതിരെ യാതൊരുവിധ ക്രിമിനൽ നടപടികളും എടുക്കില്ലെന്ന് യുഎഇ അധികൃതർ ഉറപ്പുനൽകുന്നു. സഹായം തേടി വിളിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും കുടുംബത്തിന്റെ അന്തസ്സിനെ ബാധിക്കാത്ത രീതിയിൽ സ്വകാര്യത ഉറപ്പാക്കിയായിരിക്കും ചികിത്സാ നടപടികൾ പൂർത്തിയാക്കുകയെന്നും അതോറിറ്റി വ്യക്തമാക്കി. 80044 എന്ന നമ്പറിൽ ബന്ധപ്പെടുന്നവരെ കാത്തിരിക്കുന്നത് വിദഗ്ധരായ മനോരോഗ വിദഗ്ധരും കൗൺസിലർമാരുമാണ്. ഫോണിലൂടെയുള്ള പ്രാഥമിക കൗൺസിലിംഗിന് ശേഷം ഓരോ വ്യക്തിയുടെയും അവസ്ഥയ്ക്കനുസരിച്ചുള്ള പ്രത്യേക ചികിത്സാ പദ്ധതികൾ ആവിഷ്കരിക്കും. വെറും ലഹരിമുക്തി മാത്രമല്ല, മറിച്ച് അവരെ തിരികെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനും ആത്മവിശ്വാസത്തോടെ ജീവിക്കാനും ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണയും ഈ പദ്ധതിയിലൂടെ ലഭ്യമാക്കും. കുട്ടികളിലെ സ്വഭാവമാറ്റങ്ങൾ തിരിച്ചറിയാനും ഓൺലൈൻ വഴി മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘങ്ങളെ പ്രതിരോധിക്കാനും രക്ഷിതാക്കൾക്കും ഈ ഹോട്ട്‌ലൈൻ വഴി കൃത്യമായ മാർഗനിർദ്ദേശങ്ങൾ ലഭിക്കും. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ആരും ഒറ്റയ്ക്കല്ലെന്നും ഓരോ ചുവടുവെപ്പിലും അധികൃതർ ഒപ്പമുണ്ടാകുമെന്നുമുള്ള ശക്തമായ സന്ദേശമാണ് യുഎഇ ഇതിലൂടെ നൽകുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
