Sharjah Court Sentences; ഐഫോണുകൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് അറബ് സ്വദേശിയിൽ നിന്ന് 6,92,000 ദിർഹം (ഏകദേശം 1.5 കോടിയിലധികം രൂപ) തട്ടിയെടുത്ത കേസിൽ പ്രതിക്ക് ഷാർജ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ആറുമാസം തടവ് വിധിച്ചു. 160 ഐഫോൺ 17 പ്രോ മാക്സ് ഫോണുകൾ നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയത്.തനിക്ക് വലിയൊരു മൊബൈൽ വ്യാപാര സ്ഥാപനമുണ്ടെന്ന് ഇരയെ വിശ്വസിപ്പിച്ചായിരുന്നു പ്രതിയുടെ നീക്കം. കഴിഞ്ഞ ഫെബ്രുവരി 20-ന് ഷാർജ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിൽ വെച്ചാണ് ഇടപാട് നടന്നത്. ലാപ്ടോപ്പ് ബാഗിലാക്കിയാണ് പരാതിക്കാരൻ പണം നൽകിയത്. പണം കൈപ്പറ്റിയ ശേഷം ഫോണുകൾ തൊട്ടടുത്ത സ്ഥലത്തുനിന്ന് എടുത്തുവരാമെന്ന് പറഞ്ഞ് പ്രതി മുങ്ങുകയായിരുന്നു. ഇരയ്ക്ക് സംശയം തോന്നാതിരിക്കാൻ അൽ നഹ്ദയിലെ ഒരു കെട്ടിടത്തിന്റെ ലൊക്കേഷൻ വാട്സാപ്പിൽ അയച്ചുനൽകുകയും അവിടെ കാത്തുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് പ്രതിയെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല.പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ പ്രതിക്ക് ലൈസൻസുള്ള ഒരു മൊബൈൽ കമ്പനിയോ ആവശ്യമായ സ്റ്റോക്കോ ഇല്ലെന്ന് കണ്ടെത്തി. ഇത് ബോധപൂർവം നടത്തിയ ക്രിമിനൽ വഞ്ചനയാണെന്ന് അഞ്ചാം മിസ്ഡിമീനർ സർക്യൂട്ട് കോടതി നിരീക്ഷിച്ചു. തടവ് ശിക്ഷയ്ക്ക് പുറമെ, കോടതി ചെലവുകളും പ്രതി വഹിക്കണം. ഇരയുടെ നഷ്ടപരിഹാര അപേക്ഷ കോടതി സിവിൽ വിഭാഗത്തിന്റെ പരിഗണനയ്ക്ക് വിട്ടു. കേസിന് സാക്ഷിയായ ആളുടെ മൊഴികളും പ്രതിക്കെതിരായ തെളിവുകളും കോടതി വിശദമായി പരിശോധിച്ചിരുന്നു. യുഎഇയിലെ ശക്തമായ നിയമങ്ങൾ വഞ്ചനാക്കുറ്റത്തിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ വിധി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
