
ദുബായ് മെട്രോ സ്റ്റേഷനിലെ ഒരു ചെറിയ വീഴ്ച ശ്രദ്ധയിൽപ്പെടുത്തി അധികൃതരെ അറിയിച്ച മലയാളി യുവാവിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നൽകിയത് വലിയ അംഗീകാരം. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ തൻവീർ അഹമ്മദ് (25) ആണ് ആർടിഎ ചെയർമാൻ മത്തർ അൽ തായർ നേരിട്ട് ആദരിച്ചത്. “ഞാൻ ദിവസവും ആ വഴിയിലൂടെ പോകാറുണ്ട്… എന്നിട്ടും അത് ശ്രദ്ധിച്ചില്ല. നിങ്ങൾ എങ്ങനെയാണ് കണ്ടുപിടിച്ചത്?” — ആർടിഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർമാന്റെ ഈ ചോദ്യത്തിന് തൻവീർ പുഞ്ചിരിയോടെ മറുപടി നൽകിയപ്പോൾ, സന്നിഹിതരായ ഉദ്യോഗസ്ഥർ കൈയടിയോടെ അദ്ദേഹത്തെ അഭിനന്ദിച്ചു.
ഒരു സന്ദേശം… 24 മണിക്കൂറിനുള്ളിൽ പരിഹാരം
മൂന്ന് വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന തൻവീർ അൽഖൂസിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മൾട്ടിമീഡിയ ഡിസൈനറാണ്. അബുഹൈലിൽ നിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷന്റെ നെയിം ബോർഡ് പൊടിപിടിച്ച് മങ്ങിയ നിലയിൽ കണ്ടതാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. നഗരത്തിന്റെ പ്രധാന മെട്രോ സ്റ്റേഷനിലെ ബോർഡ് ഇത്തരത്തിൽ തുടരുന്നത് ശരിയല്ലെന്ന് തോന്നിയ തൻവീർ ചിത്രങ്ങളും വീഡിയോയും പകർത്തി ആർടിഎയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലേക്ക് സന്ദേശമായി അയച്ചു. പരാതി നൽകിയ രണ്ട് മണിക്കൂറിനകം അധികൃതരിൽ നിന്ന് മറുപടി ലഭിച്ചു. തുടർന്ന് 24 മണിക്കൂറിനുള്ളിൽ പഴയ ബോർഡ് മാറ്റി പുതിയതൊന്ന് സ്ഥാപിച്ചതായി തൻവീർ നേരിൽ കണ്ടു.
സോഷ്യൽ മീഡിയയിൽ വൈറലായി
ഈ അനുഭവം പങ്കുവെച്ച് തൻവീർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ വലിയ ശ്രദ്ധ നേടി. 68 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. ഒരു സാധാരണ പൗരന്റെ നിർദ്ദേശം പോലും ഗൗരവത്തോടെ സ്വീകരിച്ച് അതിവേഗം നടപടി സ്വീകരിച്ച ദുബായ് ഭരണകൂടത്തെ പ്രശംസിച്ച് നിരവധി പ്രവാസികളും സ്വദേശികളും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. തുടർന്ന് തൻവീറിനെ ആർടിഎ ആസ്ഥാനത്തേക്ക് ക്ഷണിച്ച അധികൃതർ, പ്രശസ്തിപത്രവും പ്രത്യേക ഉപഹാരവും നൽകി അദ്ദേഹത്തെ ആദരിച്ചു. പൊതുസ്ഥലങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം ഈ സംഭവം വീണ്ടും തെളിയിച്ചുവെന്നാണ് ആർടിഎ അധികൃതർ വ്യക്തമാക്കിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t